സിപിഎമ്മിൽ മുസ്ലിം ഭീകരവാദ ഫ്രാക്ഷൻ ശക്തി പ്രാപിക്കുന്നു: പി.കെ. കൃഷ്ണദാസ്
Tuesday, July 4, 2023 5:17 AM IST
കോഴിക്കോട്: സിപിഎമ്മിൽ മുസ്ലിം ഭീകരവാദ ഫ്രാക്ഷൻ ശക്തി പ്രാപിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
കോൺഗ്രസിനെ മൊഴി ചൊല്ലിയാൽ മുസ്ലിം ലീഗുമായി രണ്ടാം കെട്ടിനു തയാറാണെന്നാണ് സിപിഎം നിലപാടെന്ന് കൃഷ്ണദാസ് പറഞ്ഞു. സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് സിപിഎം ശ്രമം. മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവയ്ക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർട്ടിയിലെ അഴിമതി മറച്ചുവയ്ക്കാനാണ് ഏക സിവിൽ കോഡിനെതിരെ അവർ രംഗത്ത് വന്നത്. ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് 1985-ൽ ഇഎംഎസ് കോഴിക്കോട്ട് പ്രസംഗിച്ചതാണ്. ഇതിന് കടകവിരുദ്ധമായാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസ്താവന നടത്തിയത്.
സിപിഎമ്മിന്റെ സ്ഥാപനമായ ചിന്താ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ‘ഇഎംഎസ്: ചോദ്യം ഉത്തരം’ എന്ന പുസ്തകത്തിലെ 47–ാം പേജിൽ ഇഎംഎസ് ഇക്കാര്യം പറയുന്നുണ്ട്. ഇഎംഎസിനെ തള്ളിപ്പറയാൻ എം.വി. ഗോവിന്ദൻ ശ്രമിക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
മുത്തലാഖ് വിഷയത്തിലും പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന വിഷയത്തിലും സിപിഎം പിന്തിരിപ്പൻ നയമാണ് കൈക്കൊണ്ടത്.
ശബരിമലയിലേക്ക് ചിലരെ വാടകയ്ക്കെടുത്ത് അയച്ച സിപിഎമ്മിന്റെ ഈ വിഷയത്തിലെ നിലപാട് വ്യത്യസ്തമാണ്. ചേകന്നൂർ മൗലവിക്കൊപ്പമാണോ അതോ താലിബാനൊപ്പമാണോ സിപിഎമ്മെന്ന് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.