വേദനാജനകം, ശരദ് പവാർ എല്ലാവരെയും കണ്ടത് കുടുംബാംഗങ്ങളെ പോലെ: സുപ്രിയ സുലെ
Monday, July 3, 2023 6:10 AM IST
മുംബൈ: എന്‍സിപി പിളര്‍പ്പില്‍ പ്രതികരിച്ച് സുപ്രിയ സുലെ എംപി. സംഭവം വേദനാജനകമാണെന്നും ശരദ് പവാര്‍ എല്ലാവരെയും കുടുംബാംഗങ്ങളെപ്പോലെയാണ് കരുതിയതെന്നും സുപ്രിയ പറഞ്ഞു.
പാര്‍ട്ടിയെ പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുമെന്നും സുപ്രിയ സുലെ വ്യക്തമാക്കി. ഞായറാഴ്ചയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവം നടന്നത്.
അജിത് പവാര്‍ പാര്‍ട്ടി വിട്ട് ഏക്നാഥ് ഷിൻഡെ-ബിജെപി സര്‍ക്കാരിന്റെ ഭാഗമായി. എന്‍സിപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലും വിമത നിരയ്ക്കൊപ്പമാണ് എന്നതാണ് ശ്രദ്ധേയം.
13 എംഎൽഎമാരുമായി എൻസിപി പിളർത്തി എത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവി നൽകിയാണ് ബിജെപി സഖ്യസർക്കാർ സ്വീകരിച്ചത്. അജിത്തിനൊപ്പം എത്തിയ ഒൻപത് എംഎൽഎമാർക്കും മന്ത്രി പദവിയും നൽകി. ഇവരെല്ലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.
അജിത്ത് പവാർ കൂടി അധികാരമേറ്റതോടെ മഹാരാഷ്ട്രയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരായി. നിലവിൽ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാണ്.
വളരെക്കാലമായി നടന്നിരുന്ന രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് ഇന്ന് എൻസിപി പിളർപ്പ് പൂർത്തിയായത്. രാവിലെ അജിത് പവാര്‍ തന്റെ പക്ഷത്തുള്ള എംഎല്‍എമാരുടെ യോഗം വിളിക്കുകയായിരുന്നു. ശരദ് പവാറിന്റെ മകളും പാർട്ടി വർക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലേ നേരിട്ടെത്തി അജിത്തിനെ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് സുപ്രിയ എത്തിയപ്പോൾ മുതൽ അജിത്ത് നേതൃത്വത്തോട് അകന്നിരുന്നു. പലപ്പോഴും അതൃപ്തി അദ്ദേഹം പരസ്യമാക്കുകയും ചെയ്തിരുന്നു. കാലങ്ങളായി പ്രതീക്ഷിച്ചിരുന്ന രാഷ്ട്രീയ മാറ്റത്തിനാണ് ഇന്ന് മറാത്ത മണ്ണ് സാക്ഷിയായത്.
പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ ശരദ് പവാർ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഈ സമയത്തെല്ലാം മരുമകൻ അജിത് പവാർ നേതൃ നിരയിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ മകൾ സുപ്രിയയെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ടുവന്നതാണ് അജിത്തിനെ ചൊടിപ്പിച്ചതും പാർട്ടി പിളർപ്പിലേക്ക് ഇപ്പോഴെത്തിയതും.