ബിജെപി വാഷിംഗ് മെഷീൻ അലക്കുതുടങ്ങി; അജിതിനെ പരിഹസിച്ച് ജയ്റാം രമേഷ്
Sunday, July 2, 2023 11:32 PM IST
ന്യൂഡൽഹി: അജിത് പവാർ എൻഡിഎ സഖ്യ സർക്കാരിൽ ഉപമുഖ്യമന്ത്രിയായതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ്. ബിജെപിയുടെ വാഷിംഗ് മെഷീൻ അതിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി ജയ്റാം രമേഷ് പറഞ്ഞു.
ബിജെപിയിൽ ചേരുന്ന അഴിമതി നേതാക്കളുടെ കറ കഴുകിക്കളയുന്ന വാഷിംഗ് മെഷീൻ പ്രവർത്തനം ആരംഭിച്ചതായാണ് ജയ്റാം രമേഷിന്റെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.
ബിജെപിയുടെ വാഷിംഗ് മെഷീൻ അതിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി വ്യക്തമാണ്. മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്ന പല നേതാക്കളും ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുകയാണ്.
ഇഡി, സിബിഐ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അവരുടെ പിന്നാലെ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവർക്കും ക്ലീൻ ചിറ്റ് ലഭിച്ചു. മഹാരാഷ്ട്രയെ ബിജെപിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ശക്തമാക്കും- ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.