ആവേശം കൂടി ബി.ആർ.എം. ഷഫീർ; അരിയിൽ ഷുക്കൂർ കേസിൽ സുധാകരന് ഇടപെട്ടെന്ന് വെളിപ്പെടുത്തൽ
Saturday, July 1, 2023 10:00 PM IST
കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ സിപിഎം നേതാവ് പി. ജയരാജനെ പ്രതി ചേർക്കാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീർ.
ഷുക്കൂർ വധക്കേസിൽ ജയരാജൻ, ടി.വി. രാജേഷ് എന്നിവർ പ്രതിചേർക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ സുധാകരന്റെ വിയർപ്പുണ്ടെന്നാണ് ഷഫീർ പ്രസ്താവിച്ചത്. കണ്ണൂർ ഡിസിസി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയാണ് ഷഫീർ ഇക്കാര്യങ്ങൾ പറഞ്ഞത്.
സുധാകരൻ പോലീസിനെ വിരട്ടിയാണ് എഫ്ഐആർ ഇട്ടതെന്നും കേസിൽ സിബിഐ ഇടപെടലിനായി അദ്ദേഹം ഡൽഹിയിൽ സമ്മർദം ചെലുത്തിയെന്നും ഷഫീർ പ്രസ്താവിച്ചിരുന്നു.
സുധാകരന്റെ പാർട്ടി സ്നേഹവും പ്രവർത്തന മികവും ഉയർത്തിക്കാട്ടാനുള്ള ഷഫീറിന്റെ ഈ പ്രസംഗം ചൂണ്ടിക്കാട്ടി, തങ്ങളുടെ നേതാക്കളെ കുടുക്കാൻ സുധാകരൻ ശ്രമിച്ചെന്ന ആരോപണം സിപിഎം ഉയർത്തിക്കഴിഞ്ഞു.