മഴ തോർന്നിട്ട് ചെങ്കോൽ പിടിക്കാം! പാർലമെന്റിന്റെ വർഷകാല സമ്മേളനം പഴയ മന്ദിരത്തിൽ
Saturday, July 1, 2023 6:03 PM IST
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെയായിരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ.
സംയുക്ത പ്രതിപക്ഷ സഖ്യമെന്ന ആശയത്തിന് ജീവൻ വയ്പ്പിക്കാൻ ശ്രമിക്കുന്നതിനിടെയുള്ള സമ്മേളനമായതിനാൽ, വിവിധ വിഷയങ്ങളെച്ചൊല്ലി മോദി സർക്കാരിനെ കടന്നാക്രമിക്കാനാണ് എൻഡിഎ ഇതര കക്ഷികളുടെ നീക്കം.
ഇതിനിടെ, വർഷകാല സമ്മേളനത്തിന് ആരംഭം കുറിക്കുക പഴയ പാർലമെന്റ് മന്ദിരത്തിൽ തന്നെയായിരിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചു.
23 ദിവസങ്ങളിലായി ആകെ 17 സിറ്റിംഗുകളായിരിക്കും സമ്മേളനത്തിൽ ഉണ്ടായിരിക്കുകയെന്നും സമ്മേളനമധ്യേ പുതിയ മന്ദിരത്തിലേക്ക് മാറാനുള്ള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള സിവിൽ സർവീസ് ട്രാൻസ്ഫർ ഓർഡിനൻസിന് പകരമായുള്ള ബിൽ അടക്കമുള്ളവ സമ്മേളനകാലത്ത് സർക്കാർ അവതരിപ്പിക്കുമെന്നാണ് സൂചന.