തിരുവനന്തപുരം: കല്ലമ്പലത്ത് വധുവിന്‍റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതിഷേധം. പ്രതികളെ തെളിവെടുപ്പിനായി മരിച്ച രാജുവിന്‍റെ വടശേരിക്കോണത്തെ വീട്ടിലെത്തിച്ചപ്പോഴാണ് ബന്ധുക്കളുടെ പ്രതിഷേധമുണ്ടായത്.

പ്രതികളെ പോലീസ് ജീപ്പിൽ നിന്ന് ഇറക്കവെ ബന്ധുക്കൾ ആക്രോശിച്ച് ഇവരുടെ അടുത്തേക്ക് ഓടിയെത്തി. നീയൊക്കെ അനുഭവിക്കുമെന്നും ഇവർ പറയുന്നുണ്ടായിരുന്നു. ഇതോടെ തെളിവെടുപ്പ് പൂർത്തിയാക്കാതെ പ്രതികളുമായി പോലീസ് മടങ്ങി.

വടശേരിക്കോണം ശ്രീലക്ഷ്മിയിൽ രാജു (61) വിനെ ക്രൂരമായി മർദിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വടശേരിക്കോണം ജെജെ പാലസിൽ ജിജിൻ (25), സഹോദരൻ ജിഷ്ണു(26), വടശേരിക്കോണം മനുഭവനിൽ മനു (25), വടശേരിക്കോണം നന്ദനം വീട്ടിൽ ശ്യാംകുമാർ (25) എന്നിവരെയാണ് പോലീസ് തെളിവെടുപ്പിന് എത്തിച്ചത്.

രാജുവിന്‍റെ വീട്ടിലും രാജുവിനെ പ്രവേശിപ്പിച്ച ആശുപത്രി പരിസരത്തും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്താനായിരുന്നു പോലീസ് തീരുമാനം. രാജുവിന്‍റെ മകളെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ജിഷ്ണു ബന്ധുക്കളെ സമീപിച്ചിരുന്നു. എന്നാൽ ജിഷ്ണുവിന്‍റെ സ്വഭാവദൂഷ്യം അറിഞ്ഞ ബന്ധുക്കൾ വിവാഹ അഭ്യർഥന നിരസിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാജുവിന്‍റെ മകളുടെ വിവാഹം മറ്റൊരു യുവാവുമായി ശിവഗിരിയിൽ നടത്താൻ തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി രാജുവിന്‍റെ വീട്ടിൽ വിവാഹ പാർട്ടി ഉണ്ടായിരുന്നു. വിവാഹ പാർട്ടി കഴിഞ്ഞ ഉടൻ ജിഷ്ണുവും ജിജിനും മനുവും ശ്യാംകുമാറും കാറിൽ ഉച്ചത്തിൽ പാട്ടുവച്ചു രാജുവിന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി.

പെൺകുട്ടിയെ വീട്ടിനകത്തുനിന്നു പുറത്തിറക്കി ക്രൂരമായി മർദ്ദിച്ചു. അക്രമം ചെറുക്കാൻ ശ്രമിക്കവെയാണ് രാജുവിനെ പ്രതികൾ മർദ്ദിക്കുകയും മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്തത്. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും പുരുഷൻമാരെയും ഉൾപ്പെടെ പ്രതികൾ മർദ്ദിച്ചിരുന്നു.

ജിഷ്ണുവിന്‍റെ സഹോദരൻ ജിജിനാണ് രാജുവിന്‍റെ തലയ്ക്കടിച്ചു വീഴ്ത്തിയതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കേസിൽ ജിജിനാണ് ഒന്നാം പ്രതി. ജിഷ്ണുവും മനുവും ശ്യാംകുമാറുമാണ് രണ്ടും മൂന്നും നാലും പ്രതികളാണ്.

ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ രാജുവിനെ ബന്ധുക്കളും നാട്ടുകാരും വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതികൾ ആശുപത്രിയിൽ പിന്തുടർന്നെത്തിയിരുന്നു. രാജുവിന്‍റെ മരണം സ്ഥിരീകരിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.