ഭൂപ്രശ്നം പരിഹരിക്കാന്‍ പട്ടയ അസംബ്ലി സംഘടിപ്പിക്കും: മന്ത്രി കെ.രാജന്
Saturday, July 1, 2023 2:41 AM IST
കാസര്‍ഗോഡ്: സംസ്ഥാനത്തെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 140 നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അധ്യക്ഷതയില്‍ അഞ്ചു മുതല്‍ ഓഗസ്റ്റ് 20 വരെ റവന്യൂ വകുപ്പ് പട്ടയം അസംബ്ലി സംഘടിപ്പിക്കുമെന്ന് റവന്യുമന്ത്രി കെ.രാജന്. കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ത്രിതല - നഗരസഭ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും ഉള്‍പ്പടെ പങ്കെടുക്കും. ഇതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. ഭൂവിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാനത്ത് പട്ടയമിഷന് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് പട്ടയമിഷന് രൂപീകരിക്കുന്നത്. ചീഫ് സെക്രട്ടറി ചെയര്‍മാനും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ഏഴു വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. റവന്യു സെക്രട്ടറിയേറ്റ് മുതല്‍ വില്ലേജ് തലം വരെ ബന്ധപ്പെടുത്തിയാണ് പട്ടയമിഷന് രൂപീകരിക്കുക. സംസ്ഥാന, ജില്ലാ താലൂക്ക് തലത്തില്‍ ദൗത്യ സമിതികള്‍ നിലവില്‍ വരും.
വില്ലേജ് ജനകീയ സമിതികള്‍ പട്ടയമിഷന്റെ ഭാഗമായി വിവരശേഖരണ സമിതികളായി പ്രവര്‍ത്തിക്കും. ലാന്‍ഡ് ബോര്‍ഡ് പട്ടയ പ്രശ്നം പരിഹരിക്കാന്‍ നാലു മേഖലകളാക്കി ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് സ്വതന്ത്ര ചുമതല നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ക്കായി ഒരു മേഖലയുണ്ടാകും.
രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍, റവന്യു വകുപ്പിന്റെ റെലിസ്, സര്‍വേ വകുപ്പിന്റെ ഇ-മാപ്പ് പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച് എന്റെ ഭൂമി എന്ന പേരില്‍ ഇന്റഗ്രേറ്റഡ് വെബ് പോര്‍ട്ടല്‍ ഉടന്‍ യാഥാര്‍ഥ്യമാകും. ഡിജിറ്റല്‍ റിസര്‍വേ നടത്തിയ ഭൂമിയുടെ എല്ലാ വിവരങ്ങളും ഈ പോര്‍ട്ടലില്‍ നിന്ന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.