മഡോണ ആശുപത്രി വിട്ടു; സുഖംപ്രാപിക്കുന്നു
Friday, June 30, 2023 6:51 AM IST
ന്യൂയോർക്ക്: ഗുരുതരമായ ബാക്ടീരിയ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന പോപ് ഇതിഹാസം മഡോണ ആശുപത്രി വിട്ടു. മഡോണയെ ഒരു സ്വകാര്യ ആംബുലൻസിലാണ് ന്യൂയോർക്കിലെ വസതിയിൽ തിരിച്ചെത്തിച്ചത്. ഗായിക സുഖംപ്രാപിച്ച് വരികയാണെന്ന് മഡോണയുടെ മാനേജരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ചയാണ് മഡോണയെ ന്യൂയോർക്ക് സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മകൾ ലോർഡ്സ് ലിയോൺ ആയിരുന്നു മഡോണയ്ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നത്. ദിവസങ്ങളോളം ഐസിയുവിൽ കഴിഞ്ഞ മഡോണ ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു വരികയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ആരോഗ്യപ്രശ്നമുണ്ടായതിനെത്തുടർന്ന് മഡോണയുടെ ലോകപര്യടനം നീട്ടിവച്ചിരുന്നു. സംഗീതജീവിതത്തിൽ 40 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് "സെലബ്രേഷൻ ടൂർ' എന്ന പേരിൽ മഡോണ ലോകപര്യടനം നടത്താൻ നിശ്ചയിച്ചത്. ജൂലൈ 15ന് വാൻകോവറിൽ ആരംഭിച്ച് ഡിസംബർ 1ന് ആംസ്റ്റർഡാമിൽ അവസാനിപ്പിക്കാനായിരുന്നു പദ്ധതി.
സെലബ്രേഷൻ ടൂറിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അപ്രതീക്ഷിതമായി ഗായികയെ രോഗം ബാധിച്ചത്.