മന്ത്രിയെ കരിങ്കൊടി കാണിച്ചവർക്ക് കൈവിലങ്ങ്; വിവാദം കനക്കുന്നു
Monday, June 26, 2023 4:37 PM IST
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥികളെ പോലീസ് കൈവിലങ്ങ് അണിയിച്ച് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതില്‍ വിവാദം കനക്കുന്നു. കൊടുംകുറ്റവാളികളെ പോലെയാണ് വിദ്യാര്‍ഥികളെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പോലീസ് നടപടിക്കെതിരേ വിവിധ സംഘടനകള്‍ രംഗത്തുവന്നു. നടപടി അടിയന്തരാവസ്ഥകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് വിമര്‍ശനം.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എപ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് എംഎസ്എഫ് പ്രവര്‍ത്തകരാണ് കൊയിലാണ്ടിയില്‍ ഞായറാഴ്ച വിദ്യാഭ്യാസമന്ത്രിക്കുനേരേ കരിങ്കൊടി കാണിച്ചത്.
എംഎസ്എഫ് ജില്ലാ കണ്‍വീനര്‍ ടി.ടി. അഫ്രീന്, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി.ഫസീഫ് എന്നിവരെയാണ് കരിങ്കൊടി കാണിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൈയില്‍ വിലങ്ങുവച്ചാണ് കൊയിലാണ്ടി പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്.
അറസ്റ്റ് ചെയ്ത നേതാക്കളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ആറ് പ്രവര്‍ത്തകരെയായിരുന്നു അറസ്റ്റ് ചെയ്തത്. പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് കെ.ബാലനാരായണന്‍, ജനറല്‍ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവര്‍ പറഞ്ഞു.
സിപിഎമ്മിന്റെ ഫാസിസ്റ്റ് രാഷ്ട്രീയമാണ് നടപടിക്ക് പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു. കൈവലിങ്ങ് വച്ചുകൊണ്ടുപോയതില് പ്രതിഷേധിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് യുത്ത് ലീഗ് പ്രവര്‍ത്തകര്‍ രാത്രിയില്‍ മാര്‍ച്ച് നടത്തി.
പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതുവരെ സമരം തുടരുമെന്ന് എംഎസ്എഫ് നേതാക്കള്‍ അറിയിച്ചു.