സ്വാമിനാഥൻ ജാനകിരാമൻ ആർബിഐ ഡെപ്യൂട്ടി ഗവർണർ
Tuesday, June 20, 2023 8:46 PM IST
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംഡി സ്വാമിനാഥൻ ജാനകിരാമനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം.
മഹേഷ് കുമാർ ജെയ്ൻ ജൂൺ 22-ന് ഡെപ്യൂട്ടി ഗവർണർ സ്ഥാനമൊഴിയുന്നതിനാലാണ് ജാനകിരാമന്‍ സർക്കാർ നിയമനം നൽകിയത്. 2018-ൽ സ്ഥാനമേറ്റ ജെയ്നിന് 2021-ൽ സർക്കാർ നിയമനം നീട്ടിനൽകിയിരുന്നു.
മൈക്കൾ ദേബബത്ര പത്ര, എം. രാജേശ്വർ റാവു, ടി. രബിശങ്കർ എന്നീ ഡെപ്യൂട്ടി ഗവർണർമാർക്കൊപ്പമാകും ജാനകിരാമൻ പ്രവർത്തിക്കുക.
മദ്രാസ് സർവകലാശാലയിൽ നിന്ന് ബികോം ബിരുദവും നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റിൽ നിന്ന് എംബിഎയും പൂർത്തിയാക്കിയ ശേഷം 1988-ലാണ് ജാനകിരാമൻ എസ്ബിഐയിൽ ചേർന്നത്. ബ്രാഞ്ച് മാനേജർ പദവിയിൽ നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 34 വർഷം എസ്ബിഐയിൽ തുടർന്നു.
ഡെപ്യൂട്ടി ഗവർണർ എന്ന നിലയിൽ അലവൻസുകൾക്കൊപ്പം 2.25 ലക്ഷം രൂപ മാസശമ്പളവും ജാനകിരാമന്‍ ലഭിക്കും.