സുഡാനിൽ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു; വെടിനിർത്തലിന് ധാരണ
Sunday, June 18, 2023 5:28 PM IST
കയ്റോ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികൾ അടക്കം 17 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ഖാർത്തൂമിലെ ജനവാസമേഖലയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് സാധാരണ ജനങ്ങൾ ബോംബിന് ഇരയായത്.
ആക്രമണത്തിൽ 25 വീടുകൾ തകർന്നു. റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതരെ ലക്ഷ്യമിട്ടായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഇവർ ജനവാസകേന്ദ്രങ്ങൾ മറയാക്കി പ്രവർത്തിക്കുന്നു എന്നാരോപിച്ച് ഈ മേഖലകളിൽ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിരുന്നു.
എന്നാൽ ഞായറാഴ്ച മുതൽ 72 മണിക്കൂർ നേരത്തേക്ക് ഇരുവിഭാഗവും വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ട്. യുഎസ്, സൗദി മധ്യസ്ഥതയിൽ ജിദ്ദയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. മുൻപുണ്ടാക്കിയ വെടിനിർത്തൽ കരാറുകളെല്ലാം മണിക്കൂറുകൾക്കകം പരാജയപ്പെട്ടിരുന്നു.
സൈന്യത്തിന് ഖർത്തൂമിലും അയൽ നഗരങ്ങളായ ഒംദുർമാനിലും ബഹ്രിയിലും വ്യോമസേനയെ ഉപയോഗിക്കാമെന്ന മുൻതൂക്കമുണ്ട്. അതേസമയം ആർഎസ്എഫ് ഇവിടെയുള്ള ജനവാസമേഖലയിൽ വീടുകൾ കൈയേറിയാണ് പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും സൈന്യം ഈ പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി. ആർഎസ്എഫ് കൈയേറിയ വീടുകളിൽനിന്ന് അകന്നുനിൽക്കാനും ജനങ്ങളോടു സൈന്യം ആവശ്യപ്പെട്ടു. തെക്കൻ ഖർത്തൂമിലെ മയോ മേഖലയിലാണു ശനിയാഴ്ച 17 പേർ കൊല്ലപ്പെട്ടത്.
സുഡാൻ സൈന്യവും അർധസൈനികവിഭാഗമായ ആർഎസ്എഫും തമ്മിലുള്ള യുദ്ധം രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്.