ഒഡീഷയിലെ കടുവാ സങ്കേതത്തിൽ വനപാലകനെ വേട്ടക്കാർ വെടിവച്ചു കൊന്നു
Sunday, June 18, 2023 6:05 AM IST
ഭുവനേശ്വർ: ഒഡീഷയിലെ സിമിലിപാൽ കടുവാ സങ്കേതത്തിനുള്ളിൽ വനപാലകനെ വേട്ടക്കാർ വെടിവച്ചു കൊന്നു. അപ്പർ ബരാഹകുമുദ റേഞ്ചിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ മാത്തി ഹൻസ്ദയാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ സിമിലിപാൽ നോർത്ത് ഡിവിഷനിലെ അപ്പർ ബരാഹകുമുദ റേഞ്ചിലെ ഗാംചരൺ ബീറ്റ് ക്യാമ്പിന് സമീപമായിരുന്നു സംഭവം. വനപാലകർ പട്രോളിംഗിനിടെ വേട്ടക്കാരുമായി ഏറ്റുമുട്ടുകയായിരുന്നു. പുലർച്ചെ ഏഴംഗ പട്രോളിംഗ് സംഘമാണ് വനത്തിൽ തെരച്ചിലിനുപോയത്.
വനത്തിനുള്ളിൽ വേട്ടക്കാരെ കണ്ടതോടെ ഇവരോട് ആയുധംവച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ വേട്ടക്കാർ വനപാലകർക്കു നേരെ നിറയൊഴിച്ചു. മാത്തി ഹൻസ്ദയ്ക്കു വെടിയേറ്റു. ഉടൻ തന്നെ ഇദ്ദേഹത്തെ മയൂർഭഞ്ച് ജില്ലയിലെ കരഞ്ചിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മാത്തി ഹൻസ്ദയെ രക്ഷിക്കാനായില്ല.
വനപാലകർക്കുനേരെ വെടിയുതിർത്ത ശേഷം വേട്ടക്കാർ രക്ഷപ്പെട്ടു. ഇരുട്ട് മുതലെടുത്താണ് വേട്ടക്കാർ രക്ഷപ്പെട്ടത്. വനപാലകർ പ്രദേശത്തുനിന്നും തോക്ക് പിടിച്ചെടുത്തു. കുറ്റവാളിയെ പിടികൂടാൻ വനം-പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ മാസം സമാനമായ രീതിയിൽ വേട്ടക്കാരുടെ വെടിയേറ്റ് ഒരു വനപാലകൻ കൊല്ലപ്പെട്ടിരുന്നു.