സുഡാൻ ആഭ്യന്തര സംഘർഷം; 17 പേർ കൊല്ലപ്പെട്ടു
Saturday, June 17, 2023 6:47 PM IST
ഖാർത്തും: സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും(ആർഎസ്എഫ്) തമ്മിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന സുഡാനിൽ മിസൈൽ വർഷം തുടരുന്നു.
തലസ്ഥാനമായ ഖാർത്തുമിൽ ഇന്ന് നടന്ന മിസൈൽ ആക്രമണത്തിൽ അഞ്ച് കുട്ടികളുൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. ദക്ഷിണ ഖാർത്തുമിലെ മേയോ മേഖലയിലാണ് ആക്രമണമുണ്ടായത്. മിസൈൽ വർഷത്തിൽ 25 വീടുകളും തകർന്നു.
ദരിദ്ര ജനവിഭാഗം തിങ്ങിപാർക്കുന്ന മേഖലയായ മേയോയിൽ മിസൈലുകൾ പതിച്ചതോടെ നിരവധി പേർ ഭവനരഹിതരായി.
സംഘർഷം ആരംഭിച്ചത് മുതൽ രാജ്യത്ത് 22 ലക്ഷം പേർക്ക് വീടുവിട്ടിറങ്ങേണ്ടി വന്നുവെന്നും ആയിരങ്ങൾ കൊല്ലപ്പെട്ടെന്നും മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.