മധ്യപ്രദേശിൽ 11 ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
Saturday, June 17, 2023 4:18 AM IST
ഭോപ്പാൽ: തിരക്കേറിയ പാസിയ ചത്വരത്തിനുമുന്നിൽ ഗതാഗത സ്തംഭനം നടത്തി പ്രതിഷേധിച്ച 11 ബജ്രംഗ്ദൾ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത ലഹരിമാഫിയയ്ക്കെതിരേ പരാതിപ്പെട്ടതിന് കള്ളക്കേസിൽ കുടുക്കുകയാണെന്ന് ആരോപിച്ചാണ് ബജ്രംഗ് ദൾ പ്രവർത്തകർ മിന്നൽസമരം നടത്തിയത്.
അതേസമയം, അറസ്റ്റ് സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ പ്രതിസന്ധിയിലാക്കി. പോലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. തുടർച്ചയായുള്ള മുന്നറിയിപ്പ് അവഗണിച്ചതിനാണ് ലാത്തിച്ചാർജ് നടത്തേണ്ടിവന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധർമേന്ദ്ര സിംഗ് ഭധോരിയ പറഞ്ഞു.
അറസ്റ്റ് നടപടികൾക്കിടെ അഞ്ചു പോലീസുകാർക്ക് പരിക്കേറ്റു. അതേസമയം, കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടി വേണമെന്നും ലാത്തിച്ചാർജിൽ 11 ബജ്രംഗ്ദൾ പ്രവർത്തകർക്കു പരിക്കേറ്റതായും സംസ്ഥാന ബിജെപി നേതൃത്വം ആരോപിച്ചു.