കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്: ഗൗതംഘോഷ് ജൂറി ചെയർമാൻ
Friday, June 16, 2023 8:28 PM IST
തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായി ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതംഘോഷിനെ നിയമിച്ച് സംസ്ഥാന സർക്കാർ.
സംവിധായകനും കലാസംവിധായകനും ചിത്രകാരനും ശിൽപ്പിയുമായ നേമം പുഷ്പരാജ്, ചലച്ചിത്ര സംവിധായകനും ആർട്ടിസ്റ്റുമായ കെ.എം മധുസൂദനൻ എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
എഴുത്തുകാരായ വി.ജെ. ജെയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ്, നിർമാതാവ് ബി. രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ.
ഗൗതം ഘോഷ്, നേമം പുഷ്പരാജ്, കെ.എം. മധുസൂദനൻ എന്നിവർക്കു പുറമെ അന്തിമ വിധിനിർണയ സമിതിയിൽ നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ്, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരും അംഗങ്ങളായിരിക്കും.
154 സിനിമകളാണ് ഇക്കുറി അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയിൽ എട്ട് എണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. 19 ന് ജൂറി സ്ക്രീനിംഗ് ആരംഭിക്കും.