കെഎസ്ആർടിസി കൊറിയർ സർവീസ് വിശ്വസ്തവും സമയബന്ധിതവുമായിരിക്കും: ഗതാഗതമന്ത്രി
Thursday, June 15, 2023 4:51 PM IST
തിരുവനന്തപുരം: പൊതു ഗതാഗത സംവിധാനമെന്ന നിലയിൽ കെഎസ്ആർടിസി നേടിയ വിശ്വാസ്യത നിലനിർത്തിക്കൊണ്ടാണ് കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
കെഎസ്ആർടിസി കൊറിയർ, ലോജിസ്റ്റിക്സ് സംവിധാനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ആർടിസിയുടെ വരുമാന വർധനവും വൈവിധ്യ വൽക്കരണവും ഇതിലൂടെ ലക്ഷ്യമാക്കുന്നു. കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി ബന്ധിപ്പിക്കാൻ കഴിയുന്ന സ്ഥാപനമെന്ന നിലയിൽ വിവിധ ബസ് സർവീസുകളെ ബന്ധിപ്പിച്ച് ചരക്ക് നീക്കം സുഗമമാക്കുവാനാണ് കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പദ്ധതി വിഭാവനം ചെയ്യുന്നത്.
16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ, പാർസൽ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൊറിയർ മേഖലയിൽ നിലനിൽക്കുന്ന ചൂഷണം അവസാനിപ്പിക്കുന്നതോടൊപ്പം 30 ശതമാനം വരെ ചാർജിനത്തിൽ കുറവും ജനങ്ങൾക്ക് ലഭിക്കും.
വരുമാനത്തിനനുസൃതമായി ജീവനക്കാർക്ക് ഇൻസന്റീവ് നൽകുന്നതിനും ധാരണയായിട്ടുണ്ട്. നവീനമായ സൂപ്പർ ക്ലാസ് ബസുകൾ, ഇലക്ട്രിക് ബസുൾപ്പെടുന്ന സിറ്റി സർക്കുലർ ബസ്, ഗ്രാമ വണ്ടി സേവനം, ബജറ്റ് ടുറിസം, യാത്ര ഫ്യുവൽ പെട്രോൾ പമ്പുകൾ തുടങ്ങി വൈവിധ്യമാർന്ന വിവിധ പദ്ധതികളിലൂടെ കെഎസ്ആർടിസി വരുമാനം ഉയർത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.