അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവർക്ക് സമൻസ്
Wednesday, June 14, 2023 7:53 PM IST
ബംഗളൂരു: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പാർലമെന്റിൽനിന്ന് അയോഗ്യനാക്കപ്പെട്ട കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ കർണാടകയിൽ വീണ്ടും അപകീർത്തിക്കേസ്.
രാഹുലിനു പുറമേ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്ക് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമൻസ് അയച്ചു. കേസ് ജൂലൈ 27ന് പരിഗണിക്കും.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി "40 ശതമാനം അഴിമതി' എന്ന ആരോപണം ബിജെപി സർക്കാരിനെതിരെ കോണ്ഗ്രസ് ഉന്നയിച്ചിരുന്നു. ഇതിനെതിരെ മേയ് ഒൻപതിനു ബിജെപി സംസ്ഥാന സെക്രട്ടറി കേശവപ്രസാദ് നൽകിയ പരാതിയിലാണ് കോടതി നടപടി.
2023 മേയ് അഞ്ചിന് പത്രങ്ങളിൽ അച്ചടിച്ച കോണ്ഗ്രസ് പരസ്യത്തിൽ, അന്നത്തെ ബിജെപി സർക്കാർ 40 ശതമാനം അഴിമതിയിൽ ഏർപ്പെട്ടുവെന്നും കഴിഞ്ഞ നാല് വർഷത്തിനിടെ 1.5 ലക്ഷം കോടി രൂപ കൊള്ളയടിച്ചുവെന്നും അവകാശപ്പെട്ടതായി പരാതിയിൽ പറയുന്നു.
ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്ന് വിശേഷിപ്പിച്ച ബിജെപി, കർണാടകയിൽ കഴിഞ്ഞ മാസം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടത് ഇത്തരം പ്രചാരണങ്ങൾ മൂലമാണെന്നും ആരോപിച്ചു.