നോട്ടിംഗ്ഹാം ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജയും ക്രിക്കറ്റ് താരവും
Wednesday, June 14, 2023 10:16 PM IST
ലണ്ടൻ: ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിൽ അക്രമിയുടെ കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയും പ്രാദേശിക ക്രിക്കറ്റ് താരവും ഉൾപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇംഗ്ലണ്ട് അണ്ടർ 16, 18 ദേശീയ ഹോക്കി ടീമുകളിലെ അംഗമായിരുന്ന നോട്ടിംഗ്ഹാം സർവകലാശാലയിലെ വിദ്യാർഥി ഗ്രേസ് ഒമാലി കുമാർ(19) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജ. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഡോ. സഞ്ജയ് കുമാറിന്റെ മകളാണ് ഗ്രേസ്.
2009-ൽ നടന്ന എസക്സ് കത്തിയാക്രമണത്തിൽ പരിക്കേറ്റ കൗമാരക്കാരെ രക്ഷപ്പെടുത്തി ജനശ്രദ്ധ നേടിയ വ്യക്തിയാണ് ഡോ. കുമാർ. ഇദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ആദരമർപ്പിക്കാനായി 2011-ൽ എലിസബത്ത് രാജ്ഞി മെംബർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ(എംബിഇ) എന്ന സ്ഥാനം നൽകിയിരുന്നു.
ഗ്രേസിന്റെ സുഹൃത്തും സഹപാഠിയുമായ ബാർണവെ വെബ്ബർ(19) ആണ് കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടാമത്തെ വ്യക്തി. പ്രാദേശിക ക്രിക്കറ്റ് ക്ലബിലെ താരമാണ് വെബ്ബർ. സർവകലാശാലയിലെ ടേം എൻഡ് പാർട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന വേളയിലാണ് ഇരവരും കൊല്ലപ്പെട്ടത്.
കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാമത്തെ വ്യക്തി സ്കൂൾ കെയർടേക്കറായി ജോലി ചെയ്യുന്ന ഇയാൻ കോട്ട്സ്(65) ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
31 വയസുള്ള വെസ്റ്റ് ആഫ്രിക്കൻ സ്വദേശി നോട്ടിംഗ്ഹാം നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ചൊവ്വാഴ്ച നടത്തിയ കത്തിയാക്രമണത്തിലാണ് മൂന്ന് പേരും കൊല്ലപ്പെട്ടത്. ഇയാൾ കാൽനടയാത്രികർക്ക് മേൽ വാഹനം ഓടിച്ചുകയറ്റി മൂന്ന് പേരെ പരിക്കേൽപ്പിക്കുകയും ചെയ്തു.