വിൻഡീസ് പര്യടനത്തിന് ശേഷം രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയേക്കും
Wednesday, June 14, 2023 3:42 AM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം രോഹിത് ശർമയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ആലോചനയിലാണ് ബിസിസിഐ എന്ന് റിപ്പോർട്ട്. അടുത്ത ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പ് മുന്നിൽ കണ്ടാണ് തീരുമാനം. ഫോമും പ്രായവും രോഹിത്തിന് തിരിച്ചടിയാണ്.
2025ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പ് അവസാനിക്കുമ്പോൾ രോഹിതിന് 38 വയസ്സ് ആകും. ജൂലൈ 12ന് വിൻഡീസിനെതിരെ നടക്കുന്ന രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയോടെ പുതിയ പതിപ്പിന് തുടക്കമാകും. മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിൽ രോഹിത്തിനെ മാറ്റി പുതിയ ക്യാപ്റ്റനെ കൊണ്ടുവരും.
2022-ൽ രോഹിത് ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്തതിനുശേഷം, ഇന്ത്യ 10 ടെസ്റ്റുകൾ കളിച്ചു. മൂന്ന് ടെസ്റ്റുകൾ അദ്ദേഹത്തിന് നഷ്ടമായി. ഏഴു ടെസ്റ്റുകളിൽ നിന്ന് 390 റൺസ് മാത്രമാണ് അദ്ദേഹം സ്കോർ ചെയ്തത്. ഇന്നിംഗ്സുകളിൽ നിന്ന് 35.45 ശരാശരിയിൽ ഒരു സെഞ്ചുറി മാത്രമാണ് അദ്ദേഹം നേടിയത്.