നോട്ടിംഗ്ഹാം ആക്രമണം: അക്രമിയുടെ വാൻ കണ്ടെത്തി; പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരം
Tuesday, June 13, 2023 7:57 PM IST
ലണ്ടൻ: ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിൽ കത്തിയാക്രമണം നടത്തി മൂന്ന് പേരെ കൊലപ്പെടുത്തുകയും കാൽനടയാത്രികർക്ക് മേൽ വാഹനം ഓടിച്ചുകയറ്റുകയും ചെയ്ത പ്രതി സഞ്ചരിച്ചിരുന്ന വാൻ കണ്ടെത്തി.
കാൽനടയാത്രികർക്ക് നേരെ വാൻ ഇടിച്ചുകയറ്റിയ മിൽട്ടൻ സ്ട്രീറ്റിന് ഒന്നര കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ബെന്റിൻക് റോഡിൽ നിന്നാണ് വാൻ കണ്ടെത്തിയത്. ഇവിടെ നിന്നാണ് ആക്രമിയെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തതും.
ഇതിനിടെ, വാൻ ഇടിച്ച് പരിക്കേറ്റ് മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. മറ്റ് രണ്ട് പേരുടെ പരിക്കുകൾ ഗുരുതരമല്ല.
ഇന്ന് രാവിലെ പത്തോടെയാണ്(ഇന്ത്യൻ സമയം) നോട്ടിംഗ്ഹാം നഗരമധ്യത്തിലെ ഇൽകെസ്റ്റൺ റോഡിൽ രണ്ടുപേരെയും നഗരത്തിന് പുറത്ത് മഗ്ദല റോഡിൽ ഒരാളെയും കത്തിയാക്രമണത്തെ തുടർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മിൽട്ടൺ സ്ട്രീറ്റിലെ വാഹനാപകടത്തെപ്പറ്റിയും പോലീസിന് വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ, മൂന്നുസംഭവങ്ങൾക്കും ഉത്തരവാദിയെന്ന് സംശയിക്കുന്ന 31 വയസുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പേരുവിവരങ്ങളോ വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.
പ്രതിയുടെ മാനസികനില അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും നഗരം ഇപ്പോൾ സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു. എന്നാൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മിൽട്ടൺ സ്ട്രീറ്റ്, ഇൽകെസ്റ്റൺ റോഡ്, മഗ്ദല റോഡ്, മേപ്പിൾ സ്ട്രീറ്റ് എന്നീ മേഖലകൾ പോലീസ് അടച്ചിട്ടിരിക്കുകയാണ്.