"സൂര്യകാന്തി വിളയ്ക്ക് ഉയർന്ന താങ്ങുവില വേണം'; ഡൽഹി ദേശീയപാത ഉപരോധിച്ച് കർഷകർ
Monday, June 12, 2023 6:07 PM IST
ന്യൂഡൽഹി: സൂര്യകാന്തി വിളയ്ക്ക് ഉയർന്ന താങ്ങുവില അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹരിയാന - ഡൽഹി ദേശീയപാത 44 ഉപരോധിച്ച് കർഷകർ.
ഹരിയാന സർക്കാർ പ്രഖ്യാപിച്ച ഇടക്കാലാശ്വാസം അപര്യാപ്തമാണെന്നും ക്വിന്റലിന് 6,400 രൂപ വീതം താങ്ങുവില നൽകണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചതോടെ, ഗതാഗതകുരുക്ക് ഒഴിവാക്കാനായി വാഹനങ്ങൾ ഡൽഹി - ഛണ്ഡിഗഡ് പാത വഴി പോലീസ് തിരിച്ചുവിട്ടു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ച 29.13 കോടി രൂപയുടെ ഇടക്കാലാശ്വാസ പദ്ധതി അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കർഷകർ നേരത്തെ തന്നെ പ്രതിഷേധം ഉയർത്തിയിരുന്നു.
ഉയർന്ന താങ്ങുവില എന്ന ആവശ്യം സർക്കാർ അംഗീകരിക്കാതിരുന്നതോടെ കുരുക്ഷേത്രയിലെ പിപ്ലി മേഖലയിൽ മഹാപഞ്ചായത്ത് ചേർന്ന്, ദേശീയപാതാ ഉപരോധം നടത്താൻ തീരുമാനിക്കുകയായിരുന്നു.