ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യൻ ടീമിന് 100 ശതമാനം പിഴ ചുമത്തി ഐസിസി. മാച്ച് ഫീയുടെ മുഴുവൻ തുകയും പിഴയായി ഒടുക്കണം.

ഓസീസിനും കുറഞ്ഞ ഓവർ നിരക്കിന് പിഴ ചുമത്തിയിട്ടുണ്ട്. മാച്ച് ഫീയുടെ 80 ശതമാനം പിഴയൊടുക്കണം.

അതേസമയം, അമ്പയറെ വിമർശിച്ചതിന് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് അധികമായി പിഴ ശിക്ഷയുണ്ട്. ടീം നൽകുന്ന പിഴയ്ക്കൊപ്പം ഗിൽ 15 ശതമാനം തുക കൂടി അധികം പിഴയീടാക്കണം. അമ്പയറുടെ തീരുമാനത്തെ പരിഹസിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് ഗില്ലിന് വിനയായത്.

ഫൈനലിന്‍റെ നാലാം ദിനം സ്കോട് ബോളന്‍ഡിന്‍റെ പന്തില്‍ തേര്‍ഡ് സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്‍റെ ക്യാച്ചില്‍ ഗിൽ പുറത്തായിരുന്നു. പന്ത് നിലത്ത് തട്ടിയിരുന്നോ എന്ന് സംശയമുണ്ടായിട്ടും റീപ്ലേ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ ഗില്‍ ഔട്ടാണെന്ന് വിധിച്ചതാണ് ഗില്ലിനെ പ്രകോപിപ്പിച്ചത്.

ഇതിനെതിരെ ഗില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത് ഐസിസി നിയമം ആര്‍ട്ടിക്കിള്‍ 2.7 അനുസരിച്ച് ശിക്ഷാര്‍ഹമാണെന്ന് മാച്ച് റഫറി കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടി.