എസ്എഫ്ഐ ജില്ലാ സമ്മേളനത്തിനിടെ കൈയാങ്കളി
Saturday, June 10, 2023 9:48 PM IST
തിരുവനന്തപുരം: വിവാദങ്ങൾ വട്ടമിട്ട് പറക്കുന്ന തിരുവനന്തപുരം ജില്ലയിലെ എസ്എഫ്ഐയുടെ സമ്മേളനത്തിനിടെ കൈയാങ്കളി.
കാട്ടക്കട ക്രിസ്ത്യൻ കോളജിലെ യുയുസി ആൾമാറാട്ടക്കേസിൽ ഉൾപ്പെട്ട ആദിത്യനെ ജില്ലാ പ്രസിഡന്റ് പദവിയിൽ നിന്ന് മാറ്റിയതാണ് കൈയാങ്കളിക്ക് വഴിവച്ചത്.
കാട്ടാക്കട കോളജിലെ ആൾമാറാട്ടം സർവകലാശാലയെ അറിയിച്ച സംഭവത്തിൽ ആദിത്യനെതിരെയും ആരോപണം ഉയർന്നിരുന്നു. എന്നാൽ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ഈ വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ സംഭവം സമ്മേളനത്തിൽ വൻ ചർച്ചയാവുകയും ചെയ്തു. ഇതോടെ സമ്മേളനത്തിൽ കൈയാങ്കളി ഉടലെടുക്കുകയായിരുന്നു.
തർക്കത്തിനൊടുവിൽ വഞ്ചിയൂർ ഏരിയ കമ്മിറ്റിയിൽ നിന്നുള്ള നന്ദനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്ത് ആദർശ് തുടരും.
2022 ഡിസംബർ 30-നാണ് ആദിത്യൻ, ആദർശ് എന്നിവരെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് നിയമിച്ചത്. ജില്ലാ പ്രസിഡന്റ് ജോബിൻ ജോസും സെക്രട്ടറി ഗോകുൽ ഗോപിനാഥനും മദ്യപിച്ച് റോഡിൽ നൃത്തം ചെയ്ത വിഡിയോ പുറത്തുവന്നതോടെയായിരുന്നു ഈ സ്ഥാനമാറ്റം.