ലോകകേരളസഭയെ വിവാദമാക്കാൻ ബോധപൂർവമായ ശ്രമം: മുഖ്യമന്ത്രി
Saturday, June 10, 2023 9:48 PM IST
ന്യൂയോർക്ക്: ലോകകേരളസഭയെ വിവാദമാക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നട്ടാൽപൊടിക്കാത്ത നുണ പ്രചരിപ്പിക്കാൻ ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ ലോകകേരളസഭ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകകേരളസഭ മേഖലാ സമ്മേളനം നടത്തുന്നത് അതത് മേഖലകളിലുള്ളവരാണ്. ഇതിനായി പണപ്പിരിവ് നടത്തിയിട്ടില്ല. ഇവിടെ ധൂർത്ത് ഇല്ലെന്ന് കണ്ടാൽ മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ ചുറ്റുംനിന്നവർ എത്ര ലക്ഷം ചെലവാക്കിയെന്ന് അറിയില്ല. സമ്മേളനത്തിൽ എന്ത് സ്വജനപക്ഷപാതമാണ് ഉണ്ടായത്? സ്പോൺസർഷിപ്പ് ആദ്യമായാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഏതൊരു നല്ലകാര്യത്തേയും എങ്ങനെ കെട്ടതായി ചിത്രീകരിക്കാമെന്ന ചിന്തിക്കുന്ന മാനസികാവസ്ഥ കേരളത്തിലുണ്ട്.ലോക കേരള സഭയെക്കുറിച്ച് സാധാരണ ഗതിയില്‍ നല്ല സംരംഭം എന്ന നിലയ്ക്കാണ് പൊതുവെ കണ്ടുവരുന്നത്.
എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമ്മേളനത്തെക്കുറിച്ച് വലിയ വിവാദം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചിലര്‍ ശ്രമിച്ചത്. മാധ്യമങ്ങളും അതിന്റെ ഭാഗമായി മാറി. എന്ത് സ്വജനപക്ഷമാണ് ഈ മൂന്നു സമ്മേളനങ്ങളിലും നടന്നത്? എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്?- മുഖ്യമന്ത്രി ചോദിച്ചു.
ലോക കേരള സഭയുടെ എല്ലാ കാര്യങ്ങളും സുതാര്യമാണ്. തെറ്റായ ആക്ഷേപങ്ങള്‍ ആധികാരികമായി മലയാളി മനസിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. മേഖലാ സമ്മേളനങ്ങള്‍ അതത് മേഖലകള്‍ പണം പിരിച്ചാണ് നടത്തുന്നത്. സര്‍ക്കാരല്ല. ദുബൈയിലും ലണ്ടനിലും എങ്ങനെയാണ് നടന്നത് എന്നറിയാം. അത് വിവാദമാകേണ്ട കാര്യമില്ല, പക്ഷേ അമേരിക്കയിലെ സമ്മേളനം വന്നപ്പോള്‍ എന്തോ ഒരു വിവാദം അതിലുണ്ടാക്കണമെന്ന ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നു.
നിങ്ങള്‍ എന്റെ ചുറ്റും വന്നുനിന്നത് എത്ര ലക്ഷം കൊടുത്തിട്ടാണ്? എനിക്കറിയില്ല. പക്ഷേ കേരളത്തില്‍ പ്രചരിപ്പിച്ചത്, നിശ്ചിത ലക്ഷം കൊടുത്താലെ മുഖ്യമന്ത്രിയുടെ അടുത്തുവന്ന് ഇരിക്കാന്‍ പറ്റു എന്നാണ്. നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതിന്റെ അര്‍ഥം എന്താണ്? ആരെയാണ് അതിലൂടെ ഇകഴ്ത്താന്‍ നോക്കുന്നത്. നമ്മുടെ നാടിനെയാണ് ഇകഴ്ത്താന്‍ ശ്രമിക്കുന്നത്- അദ്ദേഹം പറഞ്ഞു.