ഹോട്ടൽ ഭക്ഷണത്തെച്ചൊല്ലി തർക്കം; ദളിത് യുവാവിനെ തല്ലിക്കൊന്നു
Saturday, June 10, 2023 6:22 PM IST
അഹമ്മദാബാദ്: ഹോട്ടലിൽ നിന്ന് ലഭിച്ച പാഴ്സലിലെ ഭക്ഷ്യവസ്തുക്കളുടെ അളവിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി.
ഗുജറാത്തിലെ മഹിസാഗർ സ്വദേശിയായ രാജു വാൻകർ(45) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ വാൻകർ വഡോദരയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരിച്ചത്.
ഓട്ടോറിക്ഷാ ഡ്രൈവറായ വാൻകർ, ബുധനാഴ്ച രാത്രി ബാകോർ മേഖലയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പാഴ്സൽ വാങ്ങിയിരുന്നു. താൻ നൽകിയ പണത്തിന്റെ മൂല്യത്തിനുള്ളത്ര അളവിൽ ഭക്ഷണം പാഴ്സലിൽ ഇല്ലെന്ന് ഇയാൾ പറഞ്ഞതോടെ ഹോട്ടൽ ഉടമയും സംഘവും ചേർന്ന് വാൻകറിനെ മർദിക്കുകയായിരുന്നു.
സവർണ വിഭാഗത്തിൽപ്പെട്ട ഹോട്ടൽ ഉടമയും സംഘവും വാൻകറിനെതിരെ ജാതീയമായ അധിക്ഷേപങ്ങളും ചൊരിഞ്ഞിരുന്നു. മർദനത്തിൽ വയറിന് ഗുരുതരമായി പരിക്കേറ്റ വാൻകറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.
പ്രതികൾക്കെതിരെ ഐപിസി 302, 323, 504, 506(2) വകുപ്പുകൾ പ്രകാരവും എസ്സി എസ്ടി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.