ഇന്ത്യക്കാരിൽ 11 ശതമാനം പേരും പ്രമേഹ രോഗികൾ: പഠന റിപ്പോർട്ട്
Saturday, June 10, 2023 6:51 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ ആകെ ജനസംഖ്യയിൽ 11 .4 ശതമാനത്തിലധികം പേർക്ക് പ്രമേഹ രോഗമുള്ളതായി സർവേ റിപ്പോർട്ട്. 10.1 കോടി ആളുകൾ വരുമിത്. "ദ ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി' ജേണലിൽ പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിലാണ് പുതിയ കണക്കുകളുള്ളത്.
ഇന്ത്യയിൽ 11.4 ശതമാനം പേർക്ക് പ്രമേഹവും 15.3 ശതമാനം പേർക്ക് പ്രമേഹ പൂർവ രോഗാവസ്ഥയും 35.5 ശതമാനം പേർക്ക് രക്തസമ്മർദവും ഉള്ളതായി സർവേ വ്യക്തമാക്കുന്നു. ഗോവ (26.4%), പുതുച്ചേരി (26.3%), കേരളത്തിൽ (25.5%) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രമേഹം രോഗികളുള്ളത്.
ആരോഗ്യ മന്ത്രാലയത്തിന്റെ സർവേപ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 15.3 ശതമാനം ആളുകൾക്കും ( 136 ദശലക്ഷം പേർ) പ്രീ-ഡയബറ്റിസ് ഉള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. പ്രീ-ഡയബറ്റിസ് ഉള്ളവരിൽ 60 ശതമാനത്തിലധികം പേരും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രമേഹ രോഗികളായി മാറുമെന്ന് പഠനം പറയുന്നു.
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് പ്രമേഹം കൂടുതലായി കാണപ്പെടുന്നതെന്നും പഠനം പറയുന്നു. പഠനത്തിന്റെ ഭാഗമായി ഐസിഎംആറിലെ ഡോക്ടർമാർ നഗര- ഗ്രാമ മേഖലകളിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ 2008 ഒക്ടോബർ 18നും 2020 ഡിസംബർ 17നുമിടയിൽ പരിശോധിച്ചിരുന്നു.