കൊച്ചി മെട്രോയുടെ ആറാം വാർഷികം; മെഗാ ഫെസ്റ്റ് ശനിയാഴ്ച മുതൽ
Friday, June 9, 2023 10:31 PM IST
കൊച്ചി: കേരളത്തിലെ ഏക മെട്രോ സർവീസായ കൊച്ചി മെട്രോ റെയിലിന്റെ ആറാം വാർഷികാഘോഷങ്ങൾ ശനിയാഴ്ച ആരംഭിക്കും.
കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2023 എന്ന പേരിൽ സ്റ്റേഷനുകളിൽ വിവിധ പരിപാടികളും മത്സരങ്ങളും നടത്തുമെന്ന് അധികൃതർ അറിയിച്ചു. മെട്രോ സർവീസ് ആരംഭിച്ച ജൂൺ 17 കേരള മെട്രോ റെയിൽ ഡേ ആയി ആചരിക്കും.
മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ 17-ന് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ ദൂരപരിധിയില്ലാതെ ഒരു തവണ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായി 10 രൂപ തുടരുമെന്നും കെഎംആർഎൽ അറിയിച്ചു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി കെഎംആർഎല്ലും താരസംഘടനയായ അമ്മയും ചേർന്നൊരുക്കുന്ന മെട്രോ ഷോർട്ട് ഫിലിം മത്സരത്തിന്റെ സമ്മാനദാനവും മെഗാ ഫെസ്റ്റിനിടെ നടക്കും.
11 -17 തീയതികളിൽ ആലുവ, കളമശേരി, പാലാരിവട്ടം, കലൂർ, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട എന്നീ എട്ട് സ്റ്റേഷനുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രദർശന-വിൽപ്പന മേളയും സംഘടിപ്പിക്കുന്നുണ്ട്. വിവിധയിനം മാങ്ങകൾ, ചെടികൾ എന്നിവ വാങ്ങാനായി ഫ്ലവർ ആൻഡ് മാംഗോ ഫെസ്റ്റും ഒരുക്കുന്നുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ക്വിസ് മത്സരം ചിത്രരചന മത്സരം, 15 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്കായി ചെസ് മത്സരം എന്നിവ സംഘടിപ്പിക്കുണ്ട്.
ജൂൺ 15-ന് മെട്രോ ട്രെയിനുകളിൽ പ്രശസ്ത കാർട്ടൂണിസ്റ്റുകൾ സഞ്ചരിച്ച് യാത്രക്കാരുടെ കാരിക്കേച്ചറുകൾ തത്സമയം വരച്ച് സമ്മാനിക്കും.