ക്ലാസ് മുറികൾ മോർച്ചറിയായി; സ്കൂളിലേയ്ക്കെത്താൻ ഭയന്ന് ബഹനാഗയിലെ വിദ്യാർഥികൾ
Thursday, June 8, 2023 8:37 PM IST
ഭുവനേശ്വർ: ഒഡീഷയിലെ ബഹനാഗയിൽ സ്കൂളിൽ എത്താൻ വിദ്യാർഥികൾക്ക് ഭയം. ട്രെയിൻ ദുരന്തമുണ്ടായ ബാലസോറിലെ ബഹനാഗയിലാണ് വിദ്യാർഥികൾ സ്കൂളിലെത്താൻ മടിക്കുന്നത്.
ബഹനാഗ ഹൈസ്കൂളിൽ താൽക്കാലിക മോർച്ചറിയായി മാറ്റിയ കെട്ടിടത്തിലെ ക്ലാസുകളിൽ ഇരിക്കാൻ ഭയമൂലം കുട്ടികൾ തയാറാകുന്നില്ല.
അപകടത്തിന് തൊട്ടുപിന്നാലെ, 65 വർഷം പഴക്കമുള്ള ഈ സ്കൂൾ കെട്ടിടത്തിലേക്കാണ് മൃതദേഹങ്ങൾ എത്തിച്ചത്. സ്കൂളിലെ ക്ലാസ് മുറികളിൽ മൃതദേഹങ്ങൾ നിരത്തിയിട്ടിരിക്കുകയായിരുന്നു.
ഇവിടേക്ക് കുട്ടികളെ വിടാൻ മാതാപിതാക്കളും മടിക്കുന്നു. ഇതോടെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചുകളയണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചിരിക്കുകയാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി.
വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ ഭയമാണെന്ന് പ്രധാനധ്യാപിക പ്രമീള സ്വയിൻ പറയുന്നു. വിദ്യാർഥികളുടെ പേടിമാറ്റാൻ സ്കൂളിൽ പൂജകൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും അവർ പറഞ്ഞു.
വ്യാഴാഴ്ച ബാലസോർ കളക്ടർ സ്കൂൾ സന്ദർശിച്ചു. കുട്ടികൾക്ക് പേടിയില്ലാതെ സ്കൂളിലെത്താൻ കെട്ടിടം പൊളിച്ചുപണിയണമെന്ന് സ്കൂൾ അധികൃതർ ആഗ്രഹിക്കുന്നതായി കളക്ടർ ദത്താത്രയ ഭൗസാഹേബ് ഷിൻഡെ പറഞ്ഞു.
മൃതദേഹങ്ങൾ ഭുവനേശ്വറിലേക്ക് മാറ്റി സ്കൂൾ കാമ്പസ് സാനിറ്റൈസ് ചെയ്ത് വൃത്തിയാക്കിയെങ്കിലും വിദ്യാർഥികളും രക്ഷിതാക്കളും ഭീതിയിലാണ്. സ്കൂൾ കെട്ടിടത്തിൽ ഇത്രയധികം മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത് മറക്കാൻ പ്രയാസമാണെന്ന് ഒരു വിദ്യാർഥി പറഞ്ഞു.
ആദ്യം മൂന്ന് ക്ലാസ് മുറികൾ മാത്രമാണ് മൃതദേഹങ്ങൾ സൂക്ഷിക്കാനായി അനുവദിച്ചിരുന്നത്. പിന്നീട് ജില്ലാ ഭരണകൂടം മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി സ്കൂളിലെ ഹാൾ ഉപയോഗിച്ചു.
കുട്ടികൾ സ്കൂളിൽ പോകാൻ വിസമ്മതിക്കുകയാണ്. അവരെ സ്കൂളിലേക്ക് അയയ്ക്കാൻ അമ്മമാർക്കും താൽപ്പര്യമില്ല- ഒരു രക്ഷകർത്താവ് പറയുന്നു. കുട്ടികളെ സ്കൂൾ മാറ്റാൻ ചില രക്ഷിതാക്കൾ ശ്രമിക്കുകയും ചെയ്യുന്നു.
സ്കൂളിലെത്താൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രചോദിപ്പിക്കുന്നതിനായി ബുധനാഴ്ച ബാലസോർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിഷ്ണു ചരൺ സുതാർ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടേയും പൂർവ വിദ്യാർഥികളുടേയും യോഗം നടത്തിയിരുന്നു.
ഇക്കാരണത്താൽ ഒരു വിദ്യാർഥിയും സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോകില്ലെന്ന് തങ്ങൾ ഉറപ്പാക്കുമെന്ന് ബിഷ്ണു ചരൺ സുതാർ പറഞ്ഞു.