കത്തിയത് ട്രെയിൻ; പുകയുന്നത് പോലീസില്‍
Thursday, June 8, 2023 6:50 PM IST
കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട് രണ്ടുമാസം പിന്നിട്ടപ്പോള്‍ പുക പടരുന്നത് പോലീസ് സേനയില്‍. തീവയ്പ് സംബന്ധിച്ച അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ പോലീസില്‍ നടപടികളും അന്വേഷണങ്ങളും അരങ്ങുതകര്‍ക്കുകയാണ്.
അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ ഐജി പി.വിജയനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ കൂടുതല്‍ പോലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചതാണ് സേനയില്‍ അമര്‍ഷത്തിനു വഴിവച്ചത്.
സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍, വാഹന പരിശോധനയ്ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍, സുരക്ഷക്കായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണം.
വിവരം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുകയും പുറത്തറിയിക്കാന്‍ പറ്റുന്ന വിധത്തില്‍ സഹായം നല്‍കുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. വകുപ്പുതലത്തില്‍ ഇവര്‍ക്ക് ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
ട്രെയിന്‍ തീവയ്പു കേസിന്റെ അന്വേഷണം രഹസ്യമായി സൂക്ഷിക്കുന്നതില്‍ പോലീസ് സേനയില്‍ വീഴ്ചയുണ്ടായെന്നാണ് ഉന്നതതലത്തിലുള്ള വിലയിരുത്തല്‍.
അന്വേഷണത്തിന്റെയും പ്രതി ഷാറൂഖ് സെയ്ഫിയുടെ അറസ്റ്റിന്റെയും വിവരങ്ങള്‍ അതത് സമയത്ത് മാധ്യമങ്ങള്‍ ലൈവ് ചെയ്തതും പത്രങ്ങളില്‍ വന്നതും ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണെന്നാണ് ഉന്നതര്‍ പറയുന്നത്. ഇത് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.
ഏപ്രില്‍ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി വണ്‍ കോച്ചിന് എലത്തൂര്‍ കോരപ്പുഴ പാലത്തിനു മുകളില്‍വച്ച് ഷാറൂഖ് സെയ്ഫി തീയിട്ടത്. സംഭവശേഷം ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു.
ഷാറൂഖ് സെയ്ഫിയുടെ ബാഗ് ഉപേക്ഷിച്ച നിലയില്‍ ട്രാക്കില്‍നിന്ന് കണ്ടെത്തിയിരുന്നു. രാത്രിയില്‍തന്നെ ഇതു ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പിറ്റേന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തി ഇതു കസ്റ്റഡിയിൽ എടുക്കുന്നത്. മാധ്യമങ്ങള്‍ ഇതു ലൈവായി വാര്‍ത്തയാക്കുകയും ചെയ്തു.
അവിടെ നിന്നു ലഭിച്ച സൂചനപ്രകാരം ഇയാള്‍ ഡല്‍ഹി സ്വദേശിയാണെന്ന് അറിയുകയും പോലീസ് എത്തുന്നതിനുമമ്പേ മാധ്യമങ്ങള്‍ ഇയാളുടെ വീട്ടിലെത്തി ബന്ധുക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള വാര്‍ത്ത പുറത്തുവിടുകയും ചെയ്തു. ഇത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കിയെന്നാണ് ഉന്നതരുടെ വിലയിരുത്തല്‍.
ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ച ഘട്ടത്തില്‍ വിവരം ചോര്‍ന്നുവെന്നതിന്റെ പേരിലാണ് വകുപ്പുതല അന്വേഷണം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നതില്‍ സുരക്ഷാചുമലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം സിറ്റി സ്പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന വകുപ്പുതല അന്വേഷണം.
ഷാറൂഖ് സെയ്ഫിയെ മുംബൈയില്‍നിന്ന് കോഴിക്കോട്ടേക്കു കൊണ്ടുവരുമ്പോള്‍ മംഗളൂരുവിൽവച്ച് പിന്തുടര്ന്നതിന്റെ പേരില്‍ ഒരു സ്വകാര്യ ചാനലിന്റെ റിപ്പോര്‍ട്ടറെയും കാമറാമാനെയും നടക്കാവ് പോലീസ് ചോദ്യം ചെയ്യുകയും ഇവരുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
വിവരം ചോര്‍ന്നതിന്റെ പേരിലാണ് ഐജി പി.വിജയനെ ഏതാനും ദിവസങ്ങൾ മുമ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നത്. ഇതിനുപുറമേ റെയില്‍വേ പോലീസിലുള്ള എസ്ഐ അടക്കം രണ്ടുപേര്‍ക്കെതിരേ നിലവില്‍ വേറെ അന്വേഷണവും നടക്കുന്നുണ്ട്. എസ്ഐ സസ്പെന്‍ഷനിലാണ്.