അമേരിക്കയിലേക്ക് പോകുന്നതിനു മുൻപ് മുഖ്യമന്ത്രി പാവങ്ങളുടെ റേഷൻ ശരിയാക്കണം: പ്രതിപക്ഷനേതാവ്
Wednesday, June 7, 2023 8:13 PM IST
തിരുവനന്തപുരം: അമേരിക്കയിൽ ഒരു ലക്ഷം ഡോളർ വാങ്ങി ഡിന്നർ കഴിക്കാൻ പോകുന്നതിനു മുൻപ് കേരളത്തിലെ പാവങ്ങളുടെ റേഷൻ ശരിയാക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
എന്ത് നിയമസാധുതയാണ് ലോകകേരള സഭയ്ക്കുള്ളത്. കേരളത്തിന്റെ നിയമസഭയെ അപമാനിക്കുന്നതിന് വേണ്ടി വ്യാപകമായ പിരിവ് നടത്തുകയാണ്. ആരാണ് പിരിവ് നടത്താൻ അധികാരം നൽകിയത്. നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കാൻ പോകുന്നത്.
സംസ്ഥാനത്ത് നെൽ സംഭരിച്ചിട്ട് പണം നൽകാൻ സപ്ലൈകോയോ രസീത് നൽകാൻ ബാങ്കുകളോ തയാറാകുന്നില്ല. 800 കോടി രൂപയിലധികമാണ് കർഷകർക്ക് നൽകാനുള്ളത്. കർഷകർക്ക് സംഭരണ വില നൽകാൻ പണമില്ലെങ്കിലും ധൂർത്തടിക്കാൻ സർക്കാരിന് പണമുണ്ട്.
യുഡിഎഫ് ആരംഭിച്ച കർഷക സംഗമത്തെ തുടർന്നുള്ള സമരമാണ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ ഇന്ന് കുട്ടനാട്ടിൽ നടത്തിയത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിൽ യുഡിഎഫ് പ്രതിഷേധിക്കുന്നു. സർക്കാർ കർഷകരെ തിരിഞ്ഞു നോക്കുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.