പറയുന്നത് കേൾക്കണം; കളക്ടർക്ക് നേരെ മൈക്ക് എറിഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി
Saturday, June 3, 2023 11:24 PM IST
ജയ്പുർ: പൊതുപരിപാടിക്കിടെശബ്ദസംവിധാനം തകരാറിലായതിനെ തുടർന്ന് പ്രകോപിതനായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കളക്ടർക്ക് നേരെ മൈക്ക് എറിഞ്ഞു. രാജസ്ഥാനിലെ ബാർമറിൽ സർക്കാർ പദ്ധതികളുടെ വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പ്രതികരണം അറിയുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലാണ് ഗെലോട്ടിന്റെ പിടിവിട്ടത്.
വെള്ളിയാഴ്ച രാത്രി ബാർമർ സർക്യൂട്ട് ഹൗസിലായിരുന്നു പരിപാടി. മുഖ്യമന്ത്രി സ്ത്രീകളുമായി സംവദിക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദസംവിധാനം തകരാറിലായി. ഇതോടെ പ്രകോപിതനായ ഗെലോട്ട് ബാർമർ ജില്ലാ കളക്ടർക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞു. നിലത്തുവീണ മൈക്ക് കളക്ടർ കുനിഞ്ഞ് എടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
സ്ത്രീകളുടെ പിന്നിലായി ചിലർ നിൽക്കുന്നതുകണ്ട മുഖ്യമന്ത്രി അവർക്ക് നേരെ തിരിഞ്ഞു. അവരോട് അവിടെനിന്നും മാറിപ്പോകാൻ അദ്ദേഹം ആക്രോശിച്ചു. എവിടെയാണ് ജില്ലാ പോലീസ് സൂപ്രണ്ടെന്നും അദ്ദേഹം ചോദിച്ചു. കളക്ടറും എസ്പിയും ഒരുപോലെയാണല്ലെയെന്നും അദ്ദേഹം അരിശംപൂണ്ടു.