തീർഥാടനം അവനവനിലേക്കുള്ള യാത്രകളാകണം: മുഖ്യമന്ത്രി
Saturday, June 3, 2023 9:34 PM IST
കണ്ണൂർ: അവനവന്റെ ഉള്ളിലേക്കുള്ള യാത്രകളായി തീർഥാടനത്തെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്കിലേ ആത്മവിമർശനവും മാനസികാവബോധത്തിന്റെ ഉയർച്ചയും സാധ്യമാകൂ. അതിനുള്ള ഉപാധിയായി തീർഥാടനങ്ങളെ മാറ്റി തീർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് തീർഥാടനം കണ്ണൂർ വിമാനത്താവളത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വടക്കെ മലബാറിലെ ഹജ്ജ് തീർഥാടകർക്ക് സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂർ. ആദ്യഘട്ടമാണിത്. വരും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണം കൂടും. അതിനനുസരിച്ച് ഇവിടെ ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.
ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. പൊതുവായ വികസന പദ്ധതികൾക്ക് പുറമെ ചില വിഭാഗങ്ങൾക്കും പ്രദേശങ്ങൾക്കുമായി സവിശേഷമായ പദ്ധതികളും സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.