കാട്ടുപോത്ത് ആക്രമണം: കണമലയിൽ മരിച്ച ചാക്കോച്ചന്റെ വീട് സന്ദർശിച്ച് മന്ത്രി
Tuesday, May 30, 2023 8:36 PM IST
കോട്ടയം: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായി മരിച്ച പുറത്തയിൽ ചാക്കോച്ചന്റെ വീട് റവന്യൂ-ഭവനനിർമാണ മന്ത്രി കെ. രാജൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
അടിയന്തരസഹായം എന്ന നിലയിലാണ് അഞ്ചുലക്ഷം രൂപ അനുവദിച്ചതെന്നും നിയമനടപടികൾ പൂർത്തിയാകുന്ന മുറയ്ക്കു ബാക്കിത്തുക കൈമാറുമെന്നും മന്ത്രി പറഞ്ഞു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ല കളക്ടർ പി.കെ.ജയശ്രീ, എഡിഎം റെജി ജോസഫ്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.