ബ്രിജ് ഭൂഷണെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല: ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യവുമായി മമത
Tuesday, May 30, 2023 6:46 PM IST
കോൽക്കത്ത: ലൈംഗിക പീഡന ആരോപണം നേരിടുന്ന വ്യക്തിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കായിക താരങ്ങളെ ശാരീരികമായി പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്നു, എന്തുകൊണ്ട് അയാളെ അറസ്റ്റ് ചെയ്യുന്നില്ല- മമത ചോദിച്ചു.
സമരം ചെയ്ത ഗുസ്തിതാരങ്ങളെ പോലീസ് മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. താൻ അവരുമായി സംസാരിച്ചു. അവർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തൃണമൂൽ ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായും മമത പറഞ്ഞു.
ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ സമരത്തിലാണ് ഗുസ്തി താരങ്ങൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ഇയാൾ പീഡിപ്പിച്ചെന്ന് പരാതി നൽകിയിട്ടും പോലീസ് കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ല.