മഴക്കാല തയാറെടുപ്പു പ്രവർത്തനങ്ങൾ ഊർജിതമാക്കണം: മുഖ്യമന്ത്രി
Tuesday, May 30, 2023 7:18 PM IST
തിരുവനന്തപുരം: മഴക്കാല തയാറെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
ജൂൺ നാലിന് മൺസൂൺ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയിൽ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാൽ ജില്ലകളിലെ മഴക്കാല തയാറെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആദ്യആഴ്ചയിൽ പ്രത്യേകമായി നടത്തണം.
ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാ കളക്ടർമാരുടെയോ നേതൃത്വത്തിൽ ഇത്തരത്തിൽ യോഗം ചേരണം. അതിൽ ഓരോപ്രവർത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.