മണിപ്പൂരില്‍ അക്രമികളുടെ കൈവശം ചൈനീസ് ആയുധം കണ്ടെത്തി; മൂന്ന് പേര് പിടിയില്‍
Monday, May 29, 2023 3:57 PM IST
ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ നിന്ന് ചൈനയില്‍ നിര്‍മിച്ച ആയുധങ്ങള്‍ കണ്ടെത്തി. ഇംഫാലില്‍നിന്ന് സൈന്യം പിടികൂടിയ മൂന്ന് അക്രമികളില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.
സംഘര്‍ഷബാധിത മേഖലകളില്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. സംസ്ഥാനത്ത് ഞായറാഴ്ചയുണ്ടായ അക്രമസംഭവങ്ങളില്‍ പോലീസുകാരനടക്കം അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു. നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി. കലാപമുണ്ടാക്കാന്‍ ശ്രമിച്ച 40 ഭീകരരെ സുരക്ഷാസേന വധിച്ചതായി ഞായറാഴ്ച മുഖ്യമന്ത്രി ബിരേന്‍ സിംഗ് അറിയിച്ചിരുന്നു.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും. മൂന്ന് ദിവസം സംസ്ഥാനത്ത് തുടരുന്ന അമിത് ഷാ, കുകി മെയ്തെയ് വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.