കരിപ്പൂരിൽ രണ്ടു കിലോഗ്രാം സ്വർണം പിടികൂടി
സ്വന്തം ലേഖകൻ
Monday, May 29, 2023 11:38 AM IST
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഒരു കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.
ജിദ്ദയിൽനിന്നും വന്ന രണ്ടുപേരിൽനിന്നാണ് എയർ കസ്റ്റംസ് വിഭാഗം സ്വർണം പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രി എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷെരീഫ് (34) ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 1061 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളാണ് പിടിച്ചത്.
തിങ്കളാഴ്ച രാവിലെ ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം കരുവാരകുണ്ട് സ്വദേശി സഫ്വാനിൽ (35) നിന്നും 1159ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് പിടിച്ചതെന്ന് എയർ കസ്റ്റംസ് വിഭാഗം അറിയിച്ചു.