മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; പോലീസുകാരനടക്കം അഞ്ച് പേര് കൂടി മരിച്ചു
വെബ് ഡെസ്ക്
Monday, May 29, 2023 8:19 PM IST
ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ പോലീസുകാരനടക്കം അഞ്ച് പേര് കൂടി മരിച്ചതായാണ് റിപ്പോര്‍ട്ട്. 12ഓളം പേര്‍ക്ക് പരിക്കേറ്റു.
നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കി. കലാപമുണ്ടാക്കാന്‍ ശ്രമിച്ച 40 ഭീകരരെ സുരക്ഷാസേന വധിച്ചതായി ഞായറാഴ്ച മുഖ്യമന്ത്രി ബിരേന്‍ സിംഗ് അറിയിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് സംസ്ഥാനത്ത് വീണ്ടും വ്യാപകമായ അക്രമസംഭവങ്ങള്‍ ഉണ്ടായെന്ന വിവരം പുറത്തുവരുന്നത്. മൂന്ന് ദിവസം സംസ്ഥാനത്ത് തുടരുന്ന അമിത് ഷാ, കുകി - മെയ്തെയ് വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വിഷയത്തില്‍ കേന്ദ്രം ഇടപെടുന്നത്.
അതേസമയം സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം ചൊവ്വാഴ്ച രാഷ്ട്രപതിയെ കാണും. പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരണം നടത്താത്തതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.