മറൈൻഡ്രൈവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയവർ പിടിയിൽ
Sunday, May 28, 2023 8:51 PM IST
കൊച്ചി: മറൈൻഡ്രൈവിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നെടുത്ത രണ്ട് പേർ പിടിയിലായി. ബത്തേരി ബീനാച്ചി പറമ്പത്തുവീട്ടിൽ താഹിർ(21), തളിപ്പറമ്പ് തെക്കനത്ത് ആഷിൻ തോമസ്(25) എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.
സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി, പരാതി നൽകാനെത്തിയ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത മകളോട് പോലീസ് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ദുരൂഹത അനുഭവപ്പെട്ട പോലീസുകാർ നടത്തിയ തന്ത്രപരമായ ചോദ്യംചെയ്യലിലാണ് പീഡനവിവരവും മോഷണവും പുറത്തുവന്നത്.
സ്വർണാഭരണങ്ങൾ തന്റെ കാമുകൻ തട്ടിയെടുത്തതാണെന്നും താൻ ലൈംഗികാതിക്രമം നേരിട്ടതായും സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറുടെ അടുത്ത് പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു.
സ്കൂൾ സമയം കഴിഞ്ഞ് സ്ഥിരമായി മറൈൻഡ്രൈവിലെ അബ്ദുൾകലാം മാർഗിൽ എത്തിയിരുന്ന പെൺകുട്ടിയെ താഹിർ പരിചയപ്പെടുകയും ഇൻസ്റ്റാഗ്രാം ഐഡി വാങ്ങുകയും പിന്നീട് ചാറ്റിംഗിലൂടെ പ്രണയകുരുക്കിൽ വീഴ്ത്തുകയുമായിരുന്നു. നാട്ടിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിർ, തന്റെ പേര് വിഷ്ണു എന്നാണെന്നാണ് പെൺകുട്ടിയോട് പറഞ്ഞിരുന്നത്.
പ്രണയത്തിലായ ശേഷം പെൺകുട്ടിയെ താഹിർ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് പീഡനവിവരം പുറത്തറിയിക്കും എന്ന് ഭീഷണി മുഴക്കി പെൺകുട്ടിയുടെ ആഭരണങ്ങൾ ഓരോന്നായി താഹിർ തട്ടിയെടുക്കുകയായിരുന്നു.
തന്റെ കൂട്ടാളിയായ അഷിന്റെ സഹായത്തോടെയാണ് താഹിർ തട്ടിപ്പ് നടത്തിയത്. തട്ടിയെടുത്ത ആഭരണങ്ങൾ പണയം വച്ചതും വില്പന നടത്തിയതും അഷിൻ ആയിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ താഹിറിനെ വയനാട്ടിലെ വീട്ടിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം താഹിർ ആഷിനെ ഫോൺ വിളിച്ച് ഹൈക്കോടതി ഭാഗത്ത് എത്താൻ നിർബന്ധിക്കുകയായിരുന്നു. പോലീസിനെ കണ്ട് ആഷിൻ രക്ഷപെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
തട്ടിപ്പിൽ നിന്ന് ലഭിച്ച പണം കൊണ്ട് പ്രതികൾ ലഹരിമരുന്ന് വാങ്ങിയതായും ആർഭാടജീവിതം നയിച്ചെന്നും പോലീസ് അറിയിച്ചു. മറ്റു പെൺകുട്ടികളുടെ പക്കൽ നിന്നും ഇവർ ഇത്തരത്തിൽ പണം കവർന്നിട്ടുണ്ടോ എന്നും ലഹരിക്ക് അടിമകൾ ആക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.