ഐപിഎല്ലിനോട് ഗുഡ്ബൈ പറയാൻ റായുഡു
Sunday, May 28, 2023 6:28 PM IST
അഹമ്മദാബാദ്: ഐപിഎൽ 16-ാം സീസണിലെ ഗുജറാത്ത് ടൈറ്റൻസ് - ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തോടെ കുട്ടിക്രിക്കറ്റിന്റെ മാമാങ്കത്തോട് വിടപറയാൻ അംബാട്ടി റായുഡു. ഇന്ന് നടക്കുന്ന ഫൈനൽ ഐപിഎല്ലിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് സിഎസ്കെ താരമായ റായുഡു ട്വിറ്ററിലൂടെ അറിയിച്ചു.
സിഎസ്കെ, മുംബൈ ഇന്ത്യൻസ് എന്നീ മഹത്തരമായ രണ്ട് ടീമുകൾക്കായി 14 സീസണുകളിൽ ഐപിഎല്ലിൽ കളിക്കാൻ സാധിച്ചതിൽ നന്ദിയുണ്ടെന്നും തനിക്ക് ലഭിച്ച അഞ്ച് ഐപിഎൽ കിരീടങ്ങളുടെ പട്ടിക ഇനിയും വലുതാക്കാൻ ഇന്നത്തെ അവസാന മത്സരം കൊണ്ട് ശ്രമിക്കുമെന്നും താരം ട്വിറ്ററിൽ കുറിച്ചു. ഈ തീരുമാനത്തിൽ നിന്ന് യു - ടേൺ എടുക്കില്ലെന്നും താരം തമാശരൂപേണ കൂട്ടിച്ചേർത്തു.
2019-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് തന്നെ തഴഞ്ഞ് വിജയ് ശങ്കറിനെ സെലക്ടർമാർ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ക്രിക്കറ്റിൽ നിന്ന് താരം വിരമിച്ചിരുന്നു. എന്നാൽ തീരുമാനം പിൻവലിച്ച് പിന്നെയും ക്രിക്കറ്റിൽ സജീവമാകുകയായിരുന്നു.
ത്രിമാന കഴിവുകളുള്ള താരമാണ് ശങ്കറെന്ന സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തോട് താൻ ഒരു ത്രീ -ഡി കണ്ണട വാങ്ങി ലോകകപ്പ് കാണാൻ ഒരുങ്ങുന്നുവെന്ന പരിഹാസം റായുഡു അന്ന് ഉയർത്തിയിരുന്നു.