കേരള സർവകലാശാലയിൽ നടപടികൾ കടുപ്പിച്ച് വിസി
Saturday, May 27, 2023 8:29 PM IST
തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് നടപടികൾ കടുപ്പിച്ച് വൈസ് ചാൻസലർ. സർവകലാശാല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തനാനുമതി രേഖ ഹാജരാക്കണമെന്നു വൈസ് ചാൻസലർ നിർദേശിച്ചു.
ആസ്ഥാനത്ത് 23 ഓഫീസുകൾ ഉണ്ടെന്നാണ് രജിസ്ട്രാർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഓരോ സ്ഥാപനങ്ങളും കൈവശം വയ്ക്കുന്ന സ്ഥല വിസ്തൃതി അടക്കം വിശദമായ റിപ്പോർട്ട് നൽകുന്നതിന് എൻജിനീയറിംഗ് വിഭാഗത്തിനും വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രഫ.ഡോ. മോഹനൻ കുന്നുമ്മൽ നിർദേശം നൽകി. ബിജെപി അനുകൂല സംഘടനയുടെ എംപ്ലോയീസ് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ സാന്നിധ്യത്തിൽ കേരള സർവകലാശാലയിലെ ഗസ്റ്റ് ഹൗസിൽ രാഷ്ട്രീയ യോഗം ചേർന്നതായും പരാതി ഉയർന്നിരുന്നു. ബിജെപി അനുകൂല സംഘടനയായ എംപ്ലോയീസ് സംഘിന്റെ യോഗമാണ് ഗസ്റ്റ് ഹൗസിലേ കോണ്‍ഫറൻസ് ഹാളിൽ ചേർന്നതെന്നാണ് വിവരം. സംഘടനയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് സർവകലാശാല ആസ്ഥാനത്തെത്തിയതെങ്കിലും ഓഫീസിന് കെട്ടിടം അനുവദിച്ചിട്ടില്ലെന്ന് അറിഞ്ഞ് പിൻമാറുകയായിരുന്നു.