മോദി അധ്യക്ഷത വഹിച്ച നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിന്നത് 11 മുഖ്യമന്ത്രിമാർ
Saturday, May 27, 2023 8:06 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിന്നത് 11 മുഖ്യമന്ത്രിമാർ. കേരളത്തിൽ നിന്നു പിണറായി വിജയൻ ഉൾപ്പടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ നിന്നു വിട്ടു നിന്നത്.
അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
പിണറായി വിജയൻ വ്യക്തമായ കാരണം അറിയിച്ചിട്ടില്ല. ഡൽഹി സർക്കാരിന്റെ അധികാരം കവർന്നെടുക്കാൻ ഓർഡിനൻസ് ഇറക്കിയതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുന്നു എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും യോഗത്തിൽ പങ്കെടുത്തില്ല. സംസ്ഥാനത്ത് കേന്ദ്ര സർക്കാർ വേണ്ട ത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നായിരുന്നു യോഗത്തിൽ പങ്കെടുക്കാതിരിക്കാൻ മൻ ഉന്നയിച്ച കാരണം.
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗത്തിൽ പങ്കെ ടുത്തില്ല. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും യോഗത്തിനെത്തിയില്ല. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഉള്ളതിനാലാണ് യോഗത്തിൽ പങ്കെടുക്കാൻ ക ഴിയാതിരുന്നതെന്നാണ് നവീൻ പട്നായിക്കിന്റെ ഓഫീസിൽ നിന്നറിയിച്ചത്.
നീതി ആയോഗ് യോഗം ബഹിഷ്കരിക്കുക എന്നാൽ, സംസ്ഥാനത്തിന്റെ വികസനം തന്നെ ബഹിഷ്കരിക്കുന്നതിന് തുല്യമാണെന്നാണ് മുഖ്യമന്ത്രിമാർ വിട്ടു നി ന്നതിനോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികരണം. സുപ്രധാനമായ പല കാര്യങ്ങളും ചർച്ച ചെയ്ത നീതി ആയോഗ് ഗവേണിംഗ് കൗണ്സിൽ യോഗത്തിൽ നിന്നു വിട്ടു നിൽക്കുന്നത് സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും കേന്ദ്ര ചൂണ്ടിക്കാട്ടി.