കൂട്ടിനകത്തേക്ക് വീണ വയോധികനെ കടിച്ച് കീറി മുതലകൾ; ദാരുണാന്ത്യം
Saturday, May 27, 2023 1:53 PM IST
നോംപെൻ: കൂട്ടിൽ മുട്ടയിട്ട് ഇരിക്കുകയായിരുന്ന മുതലയെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ 72 വയസുകാരനു ദാരുണാന്ത്യം. കമ്പോഡിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് സംഭവം. 40 മുതലകൾ ചേർന്നാണ് വയോധികനെ കൊന്നതെന്നാണ് റിപ്പോർട്ട്.
കൂട്ടിൽ മുട്ടയിട്ട മുതലയെ പുറത്തിറക്കുന്നതിന് നീളമുള്ള തോട്ടി കൊണ്ട് തട്ടി നീക്കാൻ ശ്രമിക്കവേ കാൽ വഴുതി വീഴുകയായിരുന്നു. കൂട്ടിലേക്ക് വീണ വയോധികനെ മുതലകൾ കൂട്ടമായി കടിച്ചുകീറി. അതിലൊരു മുതല വയോധികന്റെ കൈ കടിച്ചെടുത്ത് വിഴുങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു.
2019-ൽ സമാനരീതിയിൽ രണ്ട് വയസുകാരിയെ മുതലകൾ കൊന്ന് തിന്നിരുന്നു. കുട്ടിയുടെ കുടുംബം നടത്തുന്ന മുതല ഫാമിൽ വച്ചുതന്നെയായിരുന്നു അപകടം. സീം റീപ്പിൽ നിരവധി മുതല ഫാമുകളാണ് ഉള്ളത്. മുട്ട, തൊലി, ഇറച്ചി എന്നിവയ്ക്കാണ് മുതലകളെ വളർത്തുന്നത്.