ഗില്ലിനു സെഞ്ചുറി, മോഹിത്തിന് അഞ്ച് വിക്കറ്റ്; മുംബൈയെ വീഴ്ത്തി ഗുജറാത്ത് ഫൈനലിൽ
Saturday, May 27, 2023 12:17 AM IST
അഹമ്മദാബാദ്: 2023 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ഫൈനലിനുള്ള ടിക്കറ്റെടുത്ത് ഗുജറാത്ത് ടൈറ്റൻസ്. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 62 റണ്‍സിനു വീഴ്ത്തിയാണ് ഗുജറാത്ത് ഫൈനലിൽ എത്തിയത്. ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി കരുത്തിലായിരുന്നു ഗുജറാത്തിന്റെ ജയം. സ്കോർ:- ഗുജറാത്ത് 233-3 (20), മുംബൈ 171-10 (18.2)
മഴയിൽ കുതിർന്ന മൈതാനത്ത് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി ശ്രദ്ധയോടെയാണ് ഓപ്പണറുമാർ ബാറ്റുവീശിയത്. വൃഥിമാൻ സാഹയും (18) ഗില്ലും ചേർന്ന് 54 റണ്‍സിന്റെ ഓപ്പണിംഗ് കൂടുക്കെട്ട് പടുത്തുയർത്തു. വൃദ്ധിമാൻ പുറത്തായതോടെ ഗിൽ തനിസ്വരൂപം പുറത്തെടുത്തു.
മുംബൈ ബൗളർമാരെ തലങ്ങുംവിലങ്ങും പായിച്ച ഗിൽ നേരിട്ട 49-ാം പന്തിൽ സെഞ്ചുറി തികച്ചു. സീസണിൽ റണ്‍ വേട്ടയിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഫാഫ് ഡുപ്ലെസിയെ (730) മറികടന്ന് ഗിൽ ഒന്നാം സ്ഥാനത്തെത്തി. 2023 സീസണിൽ ഗില്ലിന്റെ മൂന്നാം സെഞ്ചുറിയായിരുന്നു. വിരാട് കോഹ്ലി (2016), ജോസ് ബട്ലർ (2022) എന്നിവർ മാത്രമാണ് ഒരു സീസണിൽ നാല് സെഞ്ചുറി വീതം നേടിയത്.
സായ് സുദർശനും (31 പന്തിൽ 43 റിട്ടയേർഡ് ഔട്ട്) ശുഭ്മാൻ ഗില്ലും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 138 റണ്‍സ് പിറന്നു. 60 പന്തിൽ ഏഴ് ഫോറും 10 സിക്സും ഉൾപ്പെടെ 129 റണ്‍സാണ് ഗിൽ അടിച്ചുകൂട്ടിയത്. ഹാർദിക് പാണ്ഡ്യ (13 പന്തിൽ 28 ) പുറത്താകാതെനിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിൽതന്നെ ഓപ്പണർ നെഹാൽ വധേര (4) വീണു. പിന്നാലെ നായകൻ രോഹിത്ത് ശർമയും (8) പവലിയൻ കയറി. മുഹമ്മദ് ഷമിക്കായിരുന്നു രണ്ട് വിക്കറ്റുകളും.
പിന്നീട് കാമറൂണ്‍ ഗ്രീനും സൂര്യകുമാർ യാദവും ചേർന്ന് സ്കോർ ഉയർത്തി. ഇതിനിടെ പരിക്കേറ്റ് ഗ്രീൻ കളം വിട്ടു. ഇതോടെ കളത്തിലെത്തിയ തിലക് വർമയെ ഒപ്പം ചേർത്ത് സൂര്യകുമാർ യാദവ് സ്കോറിംഗ് വേഗത്തിലാക്കി. 14 പന്തിൽ 43 റണ്‍സെടുത്ത തിലക് വർമയെ റാഷിദ് ഖാൻ വീഴ്ത്തിയതോടെ ഗ്രീൻ വീണ്ടും കളത്തിലെത്തി.
സൂര്യകുമാറിനൊപ്പം ചേർന്ന് സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ജോഷ്വ ലിറ്റിലിന്റെ പന്തിൽ ഗ്രീനും വീണു. 20 പന്തിൽ 30 റണ്‍സായിരുന്നു ഗ്രീന്റെ സന്പാദ്യം. പിന്നീട് ഒറ്റയാൻ പോരാട്ടത്തിന് സൂര്യകുമാർ യാദവ് ശ്രമിച്ചെങ്കിലും മോഹിത് ശർമയുടെ പന്തിനു മുന്നിൽ സൂര്യകുമാർ യാദവിനും കണക്ക് പിഴച്ചു. 38 പന്തിൽ 61 റണ്‍സുമായി സൂര്യകുമാർ യാദവ് മടങ്ങിയതോടെ ഗുജറാത്തിന് കാര്യങ്ങൾ എളുപ്പമായി. പിന്നീട് കളത്തിലെത്തിയ ആർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല. ഫിൽഡിംഗിനിടെ പരിക്കേറ്റ് ഇഷാൻ കിഷൻ മടങ്ങിയതും മുംബൈയ്ക്ക് തിരിച്ചടിയായി.
ഗുജറാത്തിനായി 2.2 ഓവറിൽ 10 റണ്‍സ് വഴങ്ങി മോഹിത് ശർമ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷമിയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതവും നേടി.
ജയത്തോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും.