കുളിക്കാൻ കുളംവേണമെന്ന് ഹർജി;ആനയ്ക്കും പാപ്പാനും വിശ്രമം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
Friday, May 26, 2023 10:39 PM IST
കൊച്ചി: ഉത്സവകാലത്ത് ആനകളെ ഒരു ക്ഷേത്രത്തില്‍ നിന്ന് മറ്റൊരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഇത് ഉറപ്പാക്കാന്‍ ജില്ലാതലത്തില്‍ നിരീക്ഷണ സമിതികള്‍ക്ക് രൂപം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ആനകള്‍ക്ക് കുളിക്കാന്‍ ക്ഷേത്രങ്ങളില്‍ വലിയ ടാങ്കുകളോ കുളങ്ങളോ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി ഫോര്‍ എലിഫന്റ് വെല്‍ഫെയര്‍ എന്ന സംഘടന നല്കിയ ഹര്‍ജിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഹര്‍ജിയില്‍ സര്‍ക്കാരിനു പുറമേ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കു നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ചൂട് കൂടിയ സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ ആനകള്‍ക്കു കുളിക്കാന്‍ വലിയ ടാങ്കുകള്‍ നിര്‍മിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹോസ് ഉപയോഗിച്ച് പൈപ്പില്‍ നിന്ന് വെള്ളം ആനയുടെ മേല്‍ തളിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതു പര്യാപ്തമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
തമിഴ്നാട്ടില്‍ ആനകള്‍ക്കായി 10 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും ഒന്നര മുതല്‍ രണ്ടു മീറ്റര്‍ വരെ ആഴവുമുള്ള ടാങ്കുകള്‍ നിര്‍മിക്കണമെന്ന് ചട്ടമുണ്ട്. മാത്രമല്ല, കുറഞ്ഞതു മൂന്നു മണിക്കൂര്‍ വരെ ആനകളെ ഇതില്‍ കുളിപ്പിക്കണമെന്നും ചട്ടത്തില്‍ പറയുന്നു. ഇത്തരമൊരു ചട്ടം കേരളത്തിൽ ഇല്ലാത്തതിനാല്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഹര്‍ജി ജൂലൈ 26നു വീണ്ടും പരിഗണിക്കും.