കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം കൊച്ചിയിലിറക്കി; പ്രതിഷേധവുമായി യാത്രക്കാര്‍
Friday, May 26, 2023 3:49 PM IST
കൊച്ചി: കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം കൊച്ചി വിമാനത്താവളത്തിൽ ഇറക്കിയതിന് പിന്നാലെ പ്രതിഷേധവുമായി യാത്രക്കാര്‍. വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.
സ്പൈസ് ജെറ്റിന്റെ എസ്ജി 36 വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്. എന്തുകൊണ്ടാണ് വിമാനം കൊച്ചിയിലിറക്കിയതെന്നോ കോഴിക്കോട്ടേക്ക് ആളുകളെ എങ്ങനെ എത്തിക്കുമെന്നോ അധികൃതര്‍ അറിയിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. ജിദ്ദയില്‍നിന്ന് വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനം ഇന്ന് പുലര്‍ച്ചെയാണ് പുറപ്പെട്ടതെന്നും പരാതിയുണ്ട്.
കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപണിയുടെ ഭാഗമായി പകല്‍ വിമാനമിറങ്ങുന്നില്ല. ഇക്കാരണത്താലാണ് വിമാനം കൊച്ചിയില്‍ ഇറക്കിയതെന്നാണ് വിവരം.