സ്മാർട് മീറ്റർ പദ്ധതി പ്രവർത്തനങ്ങൾ തത്കാലം നിർത്തിവയ്ക്കാൻ നിർദേശം
Wednesday, May 24, 2023 11:54 PM IST
തിരുവനന്തപുരം: സ്മാർട് മീറ്റർ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ തത്കാലം നിർത്തിവയ്ക്കാൻ വൈദ്യുതി ബോർഡിന് സർക്കാർ നിർദേശം. സ്മാർട് മീറ്റർ സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേൽ സർക്കാർ തീരുമാനം കൈക്കൊള്ളുന്നതുവരെ നിർത്തിവയ്ക്കാനാണ് നിർദേശം.
ഇന്ന് തൊഴിലാളി യൂണിയനുകളുമായി ഇത് സംബന്ധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ച നടത്തിയിരുന്നു. പദ്ധതി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സബ്സിഡിയായി ലഭിക്കേണ്ട കോടിക്കണക്കിനു രൂപ മറ്റു സംസ്ഥാനങ്ങൾക്കു നൽകുമെന്നാണു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ പദ്ധതി നടപ്പാക്കുന്നത് തിരക്കിട്ടുവേണ്ടെന്നും വിവിധ ഘട്ടങ്ങളിൽ പൂർത്തീകരിച്ചാൽ മതിയെന്നുമാണ് വിവിധ തൊഴിലാളി സംഘടനകളും വൈദ്യുതി ബോർഡിലെ വിദഗ്ധരും അഭിപ്രായപ്പെട്ടത്.