ലക്നോ എലിമിനേറ്റഡ്; മുംബൈയ്ക്ക് ഇനി രണ്ടാം അങ്കം
Wednesday, May 24, 2023 11:29 PM IST
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2023 സീസണ് എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിന് ജയം. ലക്നോ സൂപ്പർ ജയ്ന്റ്സിനെ 81 റണ്‍സിന് കീഴടക്കിയാണ് മുംബൈ രണ്ടാം ക്വാളിഫയറിനുള്ള ടിക്കറ്റ് എടുത്തത്. സ്കോർ മുംബൈ: 182-8 (20), ലക്നോ 101-10 (16.3).
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് ആദ്യ വിക്കറ്റ് സ്കോർ 30ൽ നിൽക്കുന്പോൾ തന്നെ നഷ്ടപ്പെട്ടു. 10 പന്തിൽ 11 റണ്‍സ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയെ നവീൻ ഉൾ ഹഖ് പുറത്താക്കി. തൊട്ടുപിന്നാലെ ഇഷാൻ കിഷനും (12 പന്തിൽ 15) പവലിയൻപൂകി. അതോടെ മുംബൈ 4.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 38.
മൂന്നാം നന്പറായി ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനും (23 പന്തിൽ 41), നാലാം നന്പർ ബാറ്ററായ സൂര്യകുമാർ യാദവും (20 പന്തിൽ 33) ചേർന്ന് മുംബൈ സ്കോർ 100 കടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 38 പന്തിൽ 66 റണ്‍സ് നേടി.
22 പന്തിൽ 26 റണ്‍സ് നേടിയ തിലക് വർമയും 12 പന്തിൽ 23 റണ്‍സ് സ്വന്തമാക്കിയ നേഹൽ വധീരയുമാണ് മുംബൈ ഇന്നിംഗ്സിൽ പിന്നീട് ചെറുത്തുനിന്നത്. രോഹിത്, ഗ്രീൻ, സൂര്യകുമാർ, തിലക് വർമ എന്നിവരെ പുറത്താക്കിയ നവീൻ ഉൾ ഹഖാണ് ലക്നോയുടെ ബൗളിംഗ് ആക്രമണം മുന്നിൽനിന്ന് നയിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നോ വിക്കറ്റുകൾ വലിച്ചെറിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. മാർക്കസ് സ്റ്റോയിൻസിനു മാത്രമാണ് ലക്നോ നിരയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. സ്റ്റോയിൻസ് 27 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 40 റണ്‍സെടുത്തു.
കൈൽ മേയേഴ്സണ്‍ 18 റണ്‍സും ദീപക് ഹൂഡ 15 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല. മാർക്കസ് സ്റ്റോയിൻസ്, ദീപക് ഹൂഡ, കൃഷ്ണപ്പ ഗൗതം എന്നിവർ റണ്‍ഒൗട്ട് ആയതും ലക്നോവിന് തിരിച്ചടിയായി.
3.3 ഓവറിൽ അഞ്ച് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുംബൈയുടെ ആകാശ് മധ്വാളാണ് ലക്നോവിനെ എറിഞ്ഞിട്ടത്.
ജയത്തോടെ മുംബൈ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.