പാർലമെന്റ് നിർമിച്ചത് അഹങ്കാരത്തിന്റെ ചുടുകട്ടകൾ കൊണ്ടല്ലെന്ന് രാഹുൽ ഗാന്ധി
Wednesday, May 24, 2023 5:12 PM IST
ന്യൂഡൽഹി: പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാതിരുന്ന നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് പടുത്തുയർത്തിയത് അഹംഭാവത്തിന്റെ ചുടുകട്ടകൾ ഉപയോഗിച്ചല്ലെന്നും ഭരണഘടനാ മൂല്യങ്ങൾ ഉപയോഗിച്ചാണെന്നും രാഹുൽ പ്രസ്താവിച്ചു.
ഉദ്ഘാടനം നടത്താനായി രാഷ്ട്രപതിക്ക് അവസരം നൽകാത്തതും ചടങ്ങിലേക്ക് അവരെ ക്ഷണിക്കാത്തതും രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഇതിനിടെ, ഉദ്ഘാടനചടങ്ങ് ബഹിഷ്കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികൾ അറിയിച്ചു. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ആംആദ്മി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, ആര്‍ജെഡി, എന്‍സിപി, സമാജ്വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് എം, ആര്‍എസ്പി, മുസ്ലിം ലീഗ്, ഡിഎംകെ, എംഡിഎംകെ, ആര്‍എല്‍ഡി, വിസികെ, ജെഎംഎം എന്നീ പാര്‍ട്ടികളാണ് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുക.