കാട്ടുപോത്തിന് വോട്ടവകാശമില്ലെന്ന് ജനപ്രതിനിധികൾ മറക്കരുത്: മാർ ജോസ് പുളിക്കൽ
Tuesday, May 23, 2023 8:34 PM IST
കട്ടപ്പന: മലയോര മേഖലകളിലെ വന്യജീവി ആക്രമണ വിഷയത്തിൽ വിമർശനം കടുപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാട്ടുപോത്തിന് വോട്ടവകാശമില്ലെന്ന് ജനപ്രതിനിധികൾ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കട്ടപ്പനയില്‍ നടന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികളെ നിയമസഭയിലേക്ക് തെരഞ്ഞെടുത്ത് വിട്ടത് വന്യജീവികളല്ല. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകർ മരിച്ചത് ബഫർ സോണിലാണെന്ന് മറക്കരുത്. കാട്ടുപോത്ത് പാർട്ടി ഓഫീസിലോ നിയമസഭയിലോ കയറിയിരുന്നെങ്കിൽ പെട്ടന്ന് തീരുമാനം ഉണ്ടായിരുന്നേനെ.
അന്യായമായി കർഷകരെ കൊന്നൊടുക്കാൻ കൂട്ട് നിൽക്കുന്ന വനപാലകർക്കെതിരെ ശക്തമായി പ്രതികരിക്കും. കർഷകരെ എച്ചിൽ കൊടുത്ത് ഇറക്കിവിടുന്ന വനംവകുപ്പിന് കൂടചൂടാൻ തങ്ങളില്ല. റീബില്‍ഡ് കേരള പദ്ധതിയോടു ചേര്‍ത്ത് 15 ലക്ഷം രൂപ കൊടുത്ത് വീടും സ്വത്തുവകളും മേടിച്ച് വനംവകുപ്പ് പല നാടുകളില്‍ നിന്ന് കര്‍ഷകരെ കുടിയിറക്കാന്‍ ശ്രമിക്കുന്നുണ്ട്.
വനംവന്യജീവി വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടെ 735 പേരാണ് കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2021 ജൂണ്‍ മുതല്‍ ഡിസംബര്‍ 22 വരെയുള്ള കുറഞ്ഞനാള്‍കൊണ്ട് 123 പേര് കൊല്ലപ്പെട്ടു.
വന്യജീവികള്‍ നാട്ടിലേക്കിറങ്ങിവന്ന് സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വനംവകുപ്പോ സര്‍ക്കാരോ രാഷ്ട്രീയക്കാരോ തയാറാകുമോ. കര്‍ഷകരുടെ രക്ഷയാണ് ഇന്‍ഫാമിന്റെ രാഷ്ട്രീയമെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കാവുന്ന ശക്തമായ മുന്നേറ്റങ്ങളുടെ തുടക്കമാണ് ഈ സമ്മേളനമെന്നും മാർ ജോസ് പുളിക്കൽ വ്യക്തമാക്കി.
വന്യമൃഗസംരക്ഷണത്തിനു വേണ്ടിയുണ്ടാക്കിയിട്ടുള്ള വനനിയമങ്ങള്‍ ജനങ്ങളുടെ ജീവനും ജീവിതത്തിനും പ്രഥമ പരിഗണന നല്കി കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആവശ്യപ്പെട്ടു.
വനാതിര്‍ത്തി വിട്ട് ജനവാസ മേഖലയിലും കൃഷിഭൂമിയിലും അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനും അതിനാവശ്യമായ ഉദ്യോഗസ്ഥരെ പ്രാദേശികമായി നിയമിക്കുന്നതിനുമുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം. വനത്തിനുള്ളില്‍ ക്രമാതീതമായി പെരുകുന്ന കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണം.
കാട്ടില്‍ കയറുന്ന മനുഷ്യര്‍ക്കെതിരേ കേസെടുക്കുന്ന വനംവകുപ്പിനെപ്പോലെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ അവയുടെ ഉടമസ്ഥരും പരിപാലകരുമായിരിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കാന്‍ റവന്യുവകുപ്പും കൃഷിവകുപ്പും തന്റേടം കാണിക്കണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു പന്തിരുവേലില്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന ഗ്രാമസമിതി ഡയറക്ടറും വികാരിയുമായ ഫാ. ജോസ് മാത്യു പറപ്പള്ളില്‍, ഫിസ്ബ് പ്രതിനിധി അലക്സ് തോമസ് പവ്വത്ത്, മാര്‍ക്കറ്റിംഗ് സെല്‍ പ്രതിനിധി കെ.കെ. സെബാസ്റ്റ്യന്‍ കൈതയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കട്ടപ്പന താലൂക്ക് പ്രസിഡന്റ് ഫാ. വര്‍ഗീസ് കുളമ്പള്ളില്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ നന്ദിയും പറഞ്ഞു.
യോഗത്തില്‍ ഇന്‍ഫാം കിസാന്‍ രത്ന 2023 ഗോള്‍ഡ് വിന്നര്‍ ചെല്ലാര്‍കോവില്‍ ചാത്തന്‍പാറ സി.സി. കുര്യന്, സില്‍വര്‍ വിന്നര്‍ ഉപ്പുതറ മുത്തുമാക്കുഴി ഷാജി ജോസഫ്, കിസാന്‍ രത്ന ബ്രോണ്‍സ് വിന്നര്‍ ചെങ്ങളം ഇരുപ്പക്കാട്ട് ജോര്‍ജ് ജോസഫ് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. യഥാക്രമം ഒരു ലക്ഷം, 75,000, 50,000 രൂപ വീതം കാഷ് അവാര്‍ഡും പ്രശംസാപത്രവും വിജയികള്‍ക്കു ലഭിച്ചു.
കൂടാതെ കിസാന്‍ രത്ന നക്ഷത്ര വിന്നേഴ്സായി തെരഞ്ഞെടുക്കപ്പെട്ട എട്ടു കര്‍ഷകര്‍ക്ക് 25,000 രൂപ വീതവും പ്രശംസാപത്രവും യോഗത്തില്‍ സമ്മാനിച്ചു. സമ്മേളനത്തിനു മുന്നോടിയായി ഫാ. മാത്യു വടക്കേമുറിയില്‍ നഗറായ ഓസാനാം സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച മഹാറാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.
റാലിയുടെ മുന്‍നിര ടൗണ്‍ ചുറ്റി സമ്മേളന നഗരിയായ കട്ടപ്പന സെന്റ് ജോര്‍ജ് ഓഡിറ്റോറിയത്തില്‍ എത്തിയപ്പോഴും റാലിയുടെ അവസാനനിര നീങ്ങിയിരുന്നില്ല. നിരവധി ബൈക്കുകളുടെ അകമ്പടിയോടെ ആനയിച്ച ദീപശിഖയ്ക്ക് പിന്നില്‍ ഇന്‍ഫാം പതാകകളുമായി കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല നേതാക്കള്‍ അണിനിരന്നു.
തുടര്‍ന്ന് യൂണിഫോം അണിഞ്ഞ വനിതകളുടെ അകമ്പടിയോടെ ഇന്‍ഫാം കിസാന്‍ രത്ന 2023 അവാര്‍ഡ് ജേതാക്കളെ തുറന്ന ജീപ്പില്‍ ആനയിച്ചു. ഇതിന്റെ പിന്നിലായി വെള്ളയും പച്ചയും നിറത്തിലുള്ള കുടകളും ഫ്ലാഗുകളുമായി ഇന്‍ഫാം പ്രവര്‍ത്തകര്‍ റാലിയില്‍ അണിചേര്‍ന്നു. ചെണ്ടമേളം, ബാന്റ്സെറ്റ്, തമ്പോലം എന്നിവ റാലിക്ക് കൊഴുപ്പേകി.
ഓഡിറ്റോറിയത്തില്‍ പ്രത്യേകം ക്രമീകരിച്ചിരുന്ന അമര്‍കിസാന്‍ മണ്ഡപത്തില്‍ ദീപശിഖയും പുഷ്പചക്രവും സമര്‍പ്പിച്ച് മണ്മറഞ്ഞ കര്‍ഷകര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച ശേഷമാണ് സമ്മേളനം ആരംഭിച്ചത്.